ഗുസ്തിതാരങ്ങൾക്കെതിരെ ലൈംഗികാതിക്രമം: ബ്രിജ് ഭൂഷണ്‍ സിങ്ങിന് ജാമ്യം
മുൻകൂട്ടി അറിയിക്കാതെ രാജ്യംവിടരുതെന്നും കേസിലെ പരാതിക്കാരെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന് ജാമ്യം. സസ്‌പെൻഷനിലുള്ള ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും ജാമ്യം ലഭിച്ചിട്ടുണ്ട്. ഡൽഹിയിലെ റോസ് അവന്യു കോടതിയിലെ അഡിഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാൽ ആണ് ഗുസ്തിതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയിൽ വിധിപറഞ്ഞത്.
പ്രതികൾ 25,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. മുൻകൂട്ടി അറിയിക്കാതെ രാജ്യംവിടരുതെന്നും കേസിലെ പരാതിക്കാരെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
കേസിൽ കഴിഞ്ഞ ജൂൺ 15ന് ഡൽഹി പൊലീസ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഐ.പി.സി 354, 354 എ, 354ഡി, 506 ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ബ്രിജ് ഭൂഷണിന്റെയും തോമറിന്റെയും ജാമ്യാപേക്ഷകൾ ഇന്ന് കോടതി പരിഗണനയ്‌ക്കെടുത്തപ്പോൾ പൊലീസ് എതിർപ്പൊന്നും അറിയിച്ചില്ല. ജാമ്യാപേക്ഷയെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നാണ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. എന്നാൽ, തുടർനടപടികൾ നിയമപ്രകാരവും കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുമാകണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, പ്രതിക്ക് ജാമ്യം നൽകരുതെന്ന് പരാതിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കുറ്റാരോപിതൻ പ്രബലനാണെന്നും വലിയ സ്വാധീനശക്തിയുള്ളയാളാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കുകയാണെങ്കിൽ കടുത്ത നിബന്ധനകൾ വയ്ക്കണമെന്നും കേസിലെ സാക്ഷികളെ ഇയാൾ നിരന്തരം സമീപിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, നിയമം പൂർണമായി അംഗീകരിക്കുമെന്ന് ബ്രിജ് ഭൂഷണിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിനുശേഷമാണ് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിറക്കിയത്.
Summary: Delhi court grants bail to Brij Bhushan in wrestlers sexual harassment case