മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി
വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്തു
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഡൽഹി ഹൈക്കോടതി തടഞ്ഞു. ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഎംഎൽഎ പ്രകാരമുള്ള വ്യവസ്ഥകൾ വിചാരണകോടതി ചർച്ച ചെയ്തില്ലെന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു.
മെയ് 21നാണ് റോസ് അവന്യു കോടതി കെജ്‌രിവാളിന് ജാമ്യം നൽകിയത്. ഇതിനെതിരെ ഇ.ഡി നൽകിയ ഹരജിയെതുടർന്ന് കേസ് പരിഗണിക്കുന്നത് വരെ ഹൈക്കോടതി താത്കാലികമായി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇന്ന് ജാമ്യം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
മദ്യനയ അഴിമതികേസില്‍ കെജ്‍രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാട്ടിയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ കെജ്‍രിവാള്‍ നല്‍കിയ ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും . ഹൈക്കോടതി അന്തിമ ഉത്തരവിട്ടതിനുശേഷം കേസ് പരിഗണിക്കാമെന്നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്.