'ഭാര്യയുടെ അവിഹിതം തെളിയിക്കാൻ രക്തസാംപിൾ വേണം'; ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി
തനിക്കു വന്ധ്യതയുള്ളതിനാൽ കുട്ടി തന്റേതല്ലെന്നു വാദിച്ചാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്
ന്യൂഡൽഹി: ഭാര്യയുടെ അവിഹിതബന്ധം തെളിയിക്കാനായി രക്തസാംപിൾ ആവശ്യപ്പെട്ടുള്ള യുവാവിന്റെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി. ഇവരുടെ കുട്ടി ഭാര്യയുടെ അവിഹിതബന്ധത്തിലുണ്ടായതാണെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. വാദം തെളിയിക്കാനായി കുട്ടിയുടെയും ഭാര്യയുടെയും രക്തസാംപിൾ അനുവദിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
തനിക്കു വന്ധ്യതയുള്ളതിനാൽ കുട്ടി തന്റേതല്ലെന്നു പരാതിക്കാരൻ വാദിച്ചു. മറ്റൊരാളുമായുള്ള അവിഹിതബന്ധത്തിലാണു കുട്ടി ജനിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു. 2008ലാണ് ഇവരുടെ വിവാഹം നടന്നത്. 2019നുശേഷം രണ്ടുപേരും അകന്നുകഴിയുകയായിരുന്നു.
എന്നാൽ, കുട്ടി ജനിച്ച സമയത്ത് രണ്ടുപേരും ഒരുമിച്ചുകഴിയുന്നതിനാൽ അവിഹിതബന്ധത്തിലുള്ള കുട്ടിയാണെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗങ്ങളായ ജ. രാജീവ് ശക്ധറും ജ. അമിത് ബൻസാലും വ്യക്തമാക്കി. 1872 തെളിവുനിയമപ്രകാരം കുട്ടിയുടെ പിതൃത്വം സംശയിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതോടൊപ്പം 2020ൽ പരാതിക്കാരൻ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴൊന്നും കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയങ്ങൾ ഉയർത്തിയിരുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയതായി 'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് ചെയ്തു.
ഭാര്യ അവിഹിതബന്ധത്തിൽ ഏർപ്പെട്ടിരുന്നോ എന്ന കാര്യം വിചാരണയ്ക്കുശേഷമേ തീരുമാനിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. യുവാവിന്റെ വന്ധ്യതാ വാദത്തെക്കുറിച്ചും കോടതി വിശദീകരിച്ചു. പലതരത്തിലുള്ള വന്ധ്യതയുണ്ട്. ചിലത് ചികിത്സിച്ചു മാറ്റാനാകും. ചില കേസുകളിൽ ജീവനുള്ള ബീജം വീണ്ടെടുക്കാനും ഇൻ വിട്രോ ഫെർട്ടിലൈസേഷൻ(ഐ.വി.എഫ്) പോലെയുള്ള പ്രത്യുൽപാദന സാങ്കേതികവിദ്യകളിൽ ഉപയോഗിക്കാനുമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ കക്ഷിയല്ലാത്ത കുട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കാനാകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
2020 ജനുവരിയിലാണ് യുവാവ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. ഇതേ വർഷം നവംബറിൽ അപേക്ഷയിൽ ചില ഭേദഗതികൾ ആവശ്യപ്പെട്ടു. തന്റെ വന്ധ്യത സൂചിപ്പിക്കുന്ന ഭാഗം ഇതിൽ ചേർക്കണമെന്നായിരുന്നു ആവശ്യം. 3,000 രൂപ അടച്ച ശേഷം ഇക്കാര്യം കൂട്ടിച്ചേർക്കാൻ വിചാരണാകോടതി അനുവദിച്ചു.
എന്നാൽ, 2023 ജനുവരി 30ന് ഭാര്യയുടെയും കുട്ടിയുടെയും രക്തസാംപിൾ ആവശ്യപ്പെട്ട് ഇദ്ദേഹം കുടുംബകോടതിയെ സമീപിച്ചു. ആവശ്യം കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്. എന്നാൽ, കുടുംബകോടതിയുടെ വിധിയിൽ ഇടപെടാൻ തക്ക ന്യായങ്ങളില്ലെന്നു വ്യക്തമാക്കി കോടതി ഹരജി തള്ളുകയായിരുന്നു.
Summary: Delhi High Court rejects husband's plea to collect blood samples from wife and child to prove wife's adultery