ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി
യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്.
ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്. 'ഒരു മെറിറ്റുമില്ലെന്ന്' ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, ജസ്റ്റിസ് രജ്‌നീഷ് ഭട്‌നാഗർ എന്നിവരുടെ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.
മാർച്ച് 24ന് വിചാരണാ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. യുഎപിഎയിലെ 13, 16, 17, 18 വകുപ്പുകൾക്ക് പുറമെ ആയുധ നിയമത്തിലെ 25, 27 വകുപ്പുകളും 1984ലെ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമത്തിലെ 3, 4 വകുപ്പുകളും ചുമത്തിയാണ് ഉമർ ഖാലിദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
2020 സെപ്റ്റംബർ 13നാണ് ഡൽഹി കലാപത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 765 ദിവസമായി അദ്ദേഹം ജയിലിലാണ്. ഉമർ ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പയസ് ഏപ്രിൽ 22 മുതൽ ജൂലൈ 28 വരെയാണ് വാദം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അമിത് പ്രസാദ് ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ ഏഴു വരെ വാദം നടത്തി. സെപ്റ്റംബർ 9ന് കേസ് പരിഗണിച്ച കോടതി വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.