മദ്യനയക്കേസ്; അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹരജിയിൽ വിധി ഇന്ന്
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിൽവാസം തുടരുമോ മോചനം ലഭിക്കുമോയെന്നത് കെജ്‍രിവാളിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്
ഡല്‍ഹി: മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധിപറയും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വിധി പറയുക.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിൽവാസം തുടരുമോ മോചനം ലഭിക്കുമോയെന്നത് കെജ്‍രിവാളിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.ബുധനാഴ്ചയാണ് കെജ്‍രിവാളിന്‍റെ ഹരജി വാദം പൂർത്തിയായി വിധി പറയാൻ മാറ്റിയത്. മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കവിതയെ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇടക്കാല ജാമ്യം തേടിയുള്ള കവിതയുടെ ഹരജി ഇന്നലെ തള്ളിയിരുന്നു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 15 വരെ കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും.അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്‌രിവാളിന്റെ തീരുമാനമാണ്. വ്യക്തിപരമായ താത്പര്യങ്ങള്‍ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.