10ലക്ഷം രൂപമോചനദ്രവ്യം ആവശ്യപ്പെട്ട് 18 കാരനെ കൊലപ്പെടുത്തി
ബോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം
ഡൽഹിയിലെ ബുരാരിയിൽ 18 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തിൽ 19 വയസുകാരായ രണ്ടുപേർ അറസ്റ്റിലായി. 10 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടായിരുന്നു കൊലപാതകം. രോഹൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രോഹന്റെ പിതാവ് ബിസിനസുകാരനാണ്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബോളിവുഡ് ചിത്രമായ അപഹരൻ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ കൊല്ലപ്പെട്ട യുവാവുമായി സൗഹൃദത്തിലായിരുന്നു. ജന്മദിന പാർട്ടിക്ക് ക്ഷണിച്ചുവരുത്തിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 ഓടെ പ്രതികളുടെ കൂടെ പുറത്ത് പോയ രോഹൻ പിന്നീട് തിരിച്ചുവന്നില്ല.
പൊലീസ് ആ പ്രദേശത്തെ 200 ഓളം സിസിടിവി കാമറകൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്. രോഹന്റെ ഫോൺ ലൊക്കേഷൻ ഉത്തർപ്രദേശിലെ മൊറാദാബാദിലാണെന്നും പൊലീസ് കണ്ടെത്തി.ബുധനാഴ്ചയാണ് രോഹന്റെ മൃതദേഹം കണ്ടെത്തുന്നത്.തുടർന്ന് ഇന്റലിജിൻസിന്റെ സഹായത്തോടെ ബുധനാഴ്ച പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.