ലൈംഗികതാൽപര്യം അറിയിച്ച എൽ.ജി.ബി.ടി സുഹൃത്തിനെ കൊന്ന് അഴുക്കുചാലിൽ തള്ളി; യുവാവ് അറസ്റ്റിൽ
കൃത്യത്തിനുശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലിൽ തള്ളുകയായിരുന്നു
ന്യൂഡൽഹി: ലൈംഗികതാൽപര്യം അറിയിച്ചെന്ന പേരില്‍ എൽ.ജി.ബി.ടി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയും ചെയ്തു. സംഭവത്തിൽ എം.ബി.എ വിദ്യാർത്ഥിയായ ശശാങ്ക് സിങ്(27) പൊലീസിന്റെ പിടിയിലായി.
കഴിഞ്ഞ ജൂലൈ ഒൻപതിന് ഡൽഹിയിലെ ദ്വാരകയിലാണു സംഭവം. 32 വയസുള്ള എൽ.ജി.ബി.ടി യുവാവിനെ കാണാതായതിനു പിന്നാലെ പിതാവിന് ഒരു അജ്ഞാത കോൾ ലഭിച്ചിരുന്നു. മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും തിരിച്ചുലഭിക്കണമെങ്കിൽ 20 ലക്ഷം നൽകണമെന്നുമാണ് ഫോണിൽ ആവശ്യപ്പെട്ടിരുന്നത്. വിലപേശലിനൊടുവിൽ 15 ലക്ഷം നൽകാമെന്നു കുടുംബം സമ്മതിക്കുകയും ചെയ്തു.
തുടർന്ന് അംബേദ്ക്കർ നഗർ പൊലീസ് സ്റ്റേഷനിൽ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് ശശാങ്കും യുവാവും തമ്മിലുള്ള ബന്ധവും കൊലപാതകവുമെല്ലാം പുറത്തുവരുന്നത്. പ്രതിയെ അധികം വൈകാതെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതിയെ ചോദ്യംചെയ്തതിൽ നിന്നാണു കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്.
കഴിഞ്ഞ ജൂൺ 20ന് ഒരു പാർട്ടിയിൽ വച്ചാണ് ശശാങ്കും ഇരയും തമ്മിൽ ആദ്യമായി കാണുന്നത്. ഇതിനുശേഷം ഇരുവരും ആറു തവണ നേരിൽ കണ്ടു. അങ്ങനെയാണ് ജൂലൈ ഒൻപതിന് സൗത്ത് ഡൽഹിയിലെ മൂൽചന്ദിൽ വച്ച് കാണാൻ ഇരുവരും തീരുമാനിച്ചത്. ഇവിടെവച്ച് കണ്ടുമുട്ടിയ ശേഷം ശശാങ്കിന്റെ കാറിൽ ദ്വാരകയിലെത്തി. ദ്വാരകയിൽ ഒരു മാളിൽനിന്ന് ബിയർ വാങ്ങി സെക്ടർ 14ലെ ഒഴിഞ്ഞ സ്ഥലത്തേക്കു പോയി. ഇവിടെ വച്ചാണ് ലൈംഗിക വിഷയത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടായത്.
തർക്കത്തിനിടെ ശശാങ്ക് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കാറിലായിരുന്നു കൃത്യം. തുടർന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി സെക്ടർ 14 ബിയിലെ അഴുക്കുചാലിൽ തള്ളുകയും ചെയ്തു. പിന്നീട് യമുന നദിയിലെത്തി കാർ കഴുകി വൃത്തിയാക്കി. ബിഹാറിലെ സുഹൃത്തിൽനിന്നു ലഭിച്ച തോക്ക് നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു. നോയ്ഡയിലെ എ.ടി.എമ്മിൽനിന്ന് ഇരയുടെ അക്കൗണ്ടിൽനിന്ന് ശശാങ്ക് 27,000 രൂപ പിൻവലിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
ലൈംഗിക താൽപര്യം അറിയിച്ചതാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു പ്രതി പൊലീസിനോടു വെളിപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Summary: Delhi man kills friend, dumps body in drain arrested