ഐ.എസ് ബന്ധമുള്ള രണ്ടു പേരെ കൂടി ഡൽഹി പൊലീസ് പിടികൂടി
അറസ്റ്റിലായവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ തോക്കുകളും സ്‌ഫോടന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്
ഡൽഹി: ഐ.എസ് ബന്ധമുള്ള രണ്ടുപേർ കൂടി പിടിയിലായെന്ന് ഡൽഹി പൊലീസ്. മുഹമ്മദ് റിസ്വാൻ എന്നയാളെ ലഖ്‌നൗവിൽ നിന്നും മുഹമ്മദ് അർഷദിനെ മുറാദാബാദിൽ നിന്നുമാണ് പിടികൂടിയത്. നേരത്തെ ഐ.എസ് ഭീകരനെന്ന് എൻ.ഐ.എ പറയുന്ന മുഹമ്മദ് ഷാനവാസ് ജയ്പ്പൂരിൽ നിന്ന് പിടിയിലായിരുന്നു. പുനെയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാളിപ്പോൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ മുന്ന് പേരും ബി.ടെക് ബിരുദധാരികളാണ്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ തോക്കുകളും സ്‌ഫോടന വസ്തുക്കളും ഐ.എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിലരേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇവർ വനമേഖലകളിൽ സ്‌ഫോടനം നടത്തി പരിശീലിച്ചുവെന്നും വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താൻ ഈ സംഘം ലക്ഷ്യമിട്ടിരുന്നുവെന്നും ഡൽഹി സ്‌പെഷ്യൽ സെൽ പറഞ്ഞു.
ഇതിന്റെ ഭാഗമായി പുനെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയായിരുന്നു സംഘം. ഭീകര പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി ബൈക്കുകൾ സംഘം മോഷ്ടിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ ഇവർ ലക്ഷ്യമിട്ടിരുന്നോ എന്നെല്ലാം അറിയാൻ സാധിക്കുകയുള്ളു.