ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
സി.പി.എം നേതാവ് ബൃന്ദ കാരാട്ട് പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണു സംഘാടകര്‍ അറിയിച്ചിരുന്നത്
ന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ആൾ ഇന്ത്യാ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ പ്രഖ്യാപിച്ച പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. അനുമതിയില്ലെങ്കിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ വ്യക്തമാക്കി.
ക്രമസമാധാന പ്രശ്‌നമാണ് അനുമതി നിഷേധിക്കാൻ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ആണ് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. ഇടത് ആഭിമുഖ്യമുള്ള മനുഷ്യാവകാശ സംഘടനയാണ് പീസ് ആൻഡ് സോളിഡാരിറ്റി.
ജന്തർ മന്ദറിൽ പരിപാടി നടത്താൻ അനുമതി തേടിയാണ് ഇവർ പൊലീസിനെ സമീപിച്ചത്. പരിപാടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സി.പി.എം നേതാവ് സുഭാഷിണി അലിയെ പൊലീസ് വിളിച്ചു വിശദീകരണം തേടിയിരുന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ, നിശ്ചയിച്ച സമയത്തു തന്നെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തുമെന്നു സംഘാടകർ അറിയിച്ചു.
Summary: Delhi Police denied permission for Palestine solidarity program announced by the All India Peace and Solidarity Organization