രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസിന്‍റെ നോട്ടീസ്
ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടതായി രാഹുൽ വെളിപ്പെടുത്തിയിരുന്നു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസിന്‍റെ നോട്ടീസ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടതായി രാഹുൽ വെളിപ്പെടുത്തിയിരുന്നു. ഈ പെൺകുട്ടിയുടെ വിശദാംശങ്ങൾ നൽകാനാവശ്യപ്പെട്ടാണ് നോട്ടീസ്.
ജനുവരിയിൽ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്നും എന്നാൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.യാത്രയ്ക്കിടെ ശ്രീനഗറിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗാന്ധി, രാജ്യത്ത് സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. "ഞാൻ നടന്നുപോകുമ്പോള്‍, ഒരുപാട് സ്ത്രീകൾ കരയുന്നുണ്ടായിരുന്നു... അവരിൽ ചിലർ എന്നെ കണ്ടപ്പോൾ വികാരാധീനരായി.തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടു, പീഡിപ്പിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞ സ്ത്രീകൾ ഉണ്ടായിരുന്നു.ബന്ധുക്കളും പരിചയക്കാരുമാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊലീസിനെ അറിയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാനറിയണമെന്നേ അവര്‍ കരുതിയുള്ളൂ എന്നു പറഞ്ഞു. കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞതിനാൽ പോലീസിനെ അറിയിക്കാൻ അവർ തയ്യാറായില്ല'' എന്നാണ് രാഹുല്‍ പറഞ്ഞത്.
പരാതിക്കാരോ സ്ത്രീകളോ തങ്ങളെ സമീപിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഒരു ചോദ്യാവലി അയച്ചുതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.