ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ വിവാദ പരാമർശം: മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷൻ

Update: 2024-07-07 15:41 GMT
Advertising

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ ‘എക്സി’ൽ വിവാദ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. രേഖ ശർമ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 79 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് എഫ്.ഐ.ആർ.

ദേശീയ വനിതാ കമ്മീഷനും കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. മഹുവ മൊയ്ത്രക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രേഖ ശർമ ലോക്സഭാ സ്പീക്കർ ഓം ബിർലക്കും കത്തയച്ചിട്ടുണ്ട്.

അതേസമയം കമ്മീഷൻ നടപടിയെ വെല്ലുവിളിച്ചും പരിഹസിച്ചും മഹുവ രംഗത്തെത്തിയിരുന്നു. അടിയന്തരമായി നടപടിയെടുക്കണമെന്ന് ഡൽഹി പൊലീസിനോട്‌ മഹുവ എക്സിൽ കുറിച്ചു. മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കിൽ താൻ ബംഗാളിലെ നാദിയയിൽ ഉണ്ടെന്നും മഹുവ പോസ്റ്റിൽ പറഞ്ഞു.

'ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്ന' തിരക്കിലാണ് രേഖ ശർമയെന്നാണ് മഹുവ ‘എക്‌സി’ൽ കമന്റിട്ടത്. ഹാഥ്റസ് ദുരന്തസ്ഥലം സന്ദർശിക്കാൻ പോയ രേഖ ശർമക്ക് ഒരാൾ കുട പിടിച്ചുകൊടുത്തതിലാണ് മഹുവ വിവാദ പരാമർശം നടത്തിയത്. പോസ്റ്റിൽ നടപടി ആവശ്യപ്പെട്ട് രേഖ ശർമ ലോക്സഭാ സ്പീക്കർ ഓം ബിർലക്കും ഡൽഹി പൊലീസ് കമ്മീഷണർക്കും പരാതി നൽകുകയായിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News