ഡല്‍ഹി പൊലീസ് എന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി; ആരോപണവുമായി കോണ്‍ഗ്രസ് എം.പി ജ്യോതിമണി
ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്നാരോപിച്ചുള്ള വിവാദങ്ങൾക്കിടയിൽ ശശി തരൂര്‍ എം.പിയാണ് ട്വിറ്ററില്‍ ജ്യോതിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിനിടെ ഡല്‍ഹി പൊലീസ് തന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് വനിത എം.പി ജ്യോതിമണി. ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്നാരോപിച്ചുള്ള വിവാദങ്ങൾക്കിടയിൽ ശശി തരൂര്‍ എം.പിയാണ് ട്വിറ്ററില്‍ ജ്യോതിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"ഏത് ജനാധിപത്യത്തിലും ഇത് നീചമാണ്. ഒരു സ്ത്രീ പ്രതിഷേധക്കാരിയെ ഇതുപോലെ കൈകാര്യം ചെയ്യുന്നത് എല്ലാ ഇന്ത്യൻ മര്യാദകളും ലംഘിക്കുന്നു. ഒരു ലോക്‌സഭാ എംപിയോട് ഇങ്ങനെ ചെയ്യുന്നത് മോശമാണ്. ഡല്‍ഹി പൊലീസിന്‍റെ ഈ പ്രവൃത്തിയെ ഞാന്‍ അപലപിക്കുന്നു. നിങ്ങള്‍ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്പീക്കര്‍ ദയവായി പ്രവര്‍ത്തിക്കുക'' വീഡിയോ പങ്കുവച്ചുകൊണ്ട് തരൂര്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള എം.പിയാണ് ജ്യോതിമണി. ഡൽഹി പൊലീസ് തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറി ഒരു കുറ്റവാളിയെപ്പോലെ മറ്റ് സ്ത്രീ പ്രതിഷേധക്കാർക്കൊപ്പം ബസിൽ കൊണ്ടുപോയതായി ജ്യോതിമണി ആരോപിച്ചു. തന്‍റെ ഷൂ വലിച്ചെറിഞ്ഞതായും എം.പി വീഡിയോയില്‍ പറയുന്നത്. പൊലീസ് വെള്ളം പോലും നൽകാൻ തയ്യാറായില്ലെന്ന് അവർ പരാതിപ്പെട്ടു.
''ബസില്‍ ഞാനുള്‍പ്പെട്ടെ ഏഴോ-എട്ടോ സ്ത്രീകളുണ്ടായിരുന്നു. ഞങ്ങള്‍ നിരവധി തവണ വെള്ളം ചോദിച്ചെങ്കിലും അവര്‍ തന്നില്ല. ഞങ്ങള്‍ പുറത്തുനിന്നും വെള്ളം വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ വില്‍പനക്കാരെ പൊലീസ് തടഞ്ഞു'' ജ്യോതി പറഞ്ഞു. വിഷയം പരിശോധിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് അവർ വീഡിയോയിൽ ആവശ്യപ്പെട്ടു.
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് ഒരു ദിവസം ചോദ്യം ചെയ്യലിൽ നിന്നും ഇടവേള നൽകി ഇ.ഡി. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിക്കും.