പാർലമെന്‍റ് അതിക്രമത്തിൽ മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ഡൽഹി പൊലീസ്
പാര്‍ലമെന്‍റ് അതിക്രമത്തിൽ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യംചെയ്തേക്കാമെന്നാണ് സൂചന
ന്യൂഡല്‍ഹി: പാർലമെന്‍റ് അതിക്രമത്തിൽ മെറ്റയിൽനിന്ന് കൂടുതല്‍ വിവരങ്ങൾ ആരാഞ്ഞ് ഡൽഹി പൊലീസ്. പ്രതികളുടെ സമൂഹമാധ്യമ ഇടപെടൽ കണ്ടെത്താന്‍ ഡൽഹി പൊലീസ് മെറ്റയ്ക്ക് കത്തുനല്‍കി. അന്വേഷണം ശക്തിപ്പെടുത്താന്‍ പ്രത്യേക സംഘങ്ങളെ ഡൽഹി പൊലീസ് നിയോഗിച്ചു.
കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനുള്ള പൊലീസ് നീക്കം. പ്രതികള്‍ പരസ്പരം പരിചയപ്പെട്ടത് 'ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിങ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴിയാണ്. ഇത് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ ഉടമയായ മെറ്റയ്ക്ക് ഡല്‍ഹി പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റ് കത്തയച്ചു.
ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിങ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് തേടിയിട്ടുണ്ട്. കൂടാതെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇവര്‍ വാട്‌സ്ആപ്പില്‍ നടത്തിയ ചാറ്റുകള്‍ പങ്കുവെക്കാനും അന്വേഷണസംഘം മെറ്റയോട് ആവശ്യപ്പെട്ടു. അതേസമയം അന്വേഷണത്തിനായി രാജസ്ഥാൻ, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഡൽഹി പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
ഇതിനുപുറമെ, 50 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പ്രതികളുടെ ഡിജിറ്റൽ, ബാങ്ക് വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്. ഓരോ പ്രതികളുടെയും അന്വേഷണ ചുമതല ഓരോ സംഘത്തിനാണ്. പാര്‍ലമെന്‍റ് അതിക്രമത്തിൽ ബി.ജെ.പി എം.പി പ്രതാപ് സിംഹയെ ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യംചെയ്തേക്കാമെന്നാണ് സൂചന. പാര്‍ലമെന്‍റില്‍ കയറി പ്രതിഷേധിച്ച മനോരഞ്ജനും സാഗര്‍ ശര്‍മയ്ക്കും സന്ദര്‍ശക പാസ് അനുവദിച്ചത് ബി.ജെ.പി എം.പിയാണ്.
Summary: Delhi Police writes to Meta, seeks details of social media accounts of accused in Parliament security breach