ഡല്‍ഹിയിലെ വായുമലിനീകരണം; കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രത്യേക യോഗം ചേർന്ന് നാളെ വൈകിട്ട് റിപ്പോർട്ട് അറിയിക്കാൻ ഡൽഹി സർക്കാരിനോട് സുപ്രിം കോടതി നിർദേശിച്ചു

Update: 2021-11-15 07:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹിയിലെ വായു മലിനീകരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കാനാണ് സുപ്രിം കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശം. നാളത്തെ യോഗത്തിൽ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കണം. വൈക്കോൽ കത്തിക്കുന്നത് താല്‍ക്കാലികമായി നിർത്തണമെന്നും സംസ്ഥാനങ്ങൾക്ക് സുപ്രിം കോടതി നിർദേശം നൽകി.

നഗരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണമെന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടാവാത്തത് നിരാശജനകമാണെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രൂക്ഷ വിമർശനമാണ് ഡൽഹി സർക്കാരിനെതിരെ സുപ്രിം കോടതി ഉന്നയിച്ചത്. ഡൽഹി സർക്കാർ പിരിക്കുന്ന നികുതി പണത്തിൽ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വായു മലിനീകരണം തടയാൻ ലോക് ഡൗണിന് തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു.

കേന്ദ്ര സർക്കാരും സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകി. ഡൽഹിയിൽ പാർക്കിംഗ് ചാർജ് ഇരട്ടിയാക്കാമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചു. ഇതിലൂടെ അനാവാശ്യ യാത്രകൾ ഒഴിവാക്കാനാകുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News