ക്ലാസ് എടുക്കുന്നതിനിടെ ഫാൻ പൊട്ടിവീണു; വിദ്യാർഥിനിക്ക് പരിക്ക്
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്‌കൂൾ അധികൃതരോ സർക്കാറോ തയ്യാറായിട്ടില്ല
ഡൽഹി: സർക്കാർ സ്‌കൂളിലെ ഫാൻ പൊട്ടിവീണ് വിദ്യാർഥിനിക്ക് പരിക്ക്. ഡൽഹി നംഗ്ലോയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സീലിങ് ഫാൻ പൊട്ടിവീണത്. തലക്ക് പരിക്കേറ്റ കുട്ടിയെ നംഗ്ലോയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്നുണ്ടായിരുന്നെന്നും ഈർപ്പം കെട്ടിനിന്നതുകൊണ്ടാണ് ഫാൻ പൊട്ടിവീണതെന്നും വിദ്യാർഥിനി പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സ്‌കൂൾ അധികൃതരോ സർക്കാറോ തയ്യാറായിട്ടില്ല.
അതേസമയം, അപകടത്തിന് ഉത്തരവാദി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളാണെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി പരിഹസിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ധാർമ്മികത ഇടിഞ്ഞിരുന്നു, ഇപ്പോൾ അവരുടെ സ്കൂളുകളിലെ സീലിംഗ് ഫാനുകളും വീഴുന്നു -തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല സ്‌കൂളുകളിലും ക്ലാസ് മുറികളുടെ നിർമാണച്ചെലവ് വൻതോതിൽ കൂടിയെന്നും ഇതിനെ ന്യായീകരിക്കാന്‍ ശുചിമുറികളെ പോലും ക്ലാസ് മുറികളായി ചിത്രീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.