ഡൽഹി യൂനിവേഴ്‌സിറ്റിയിലെ മുഗൾ ഉദ്യാനത്തിന്റെ പേരുമാറ്റി; ഇനി ഗൗതം ബുദ്ധ ഗാർഡൻ

മുഗൾ രൂപകൽപനയിൽ നിർമിക്കപ്പെട്ടതല്ല ഉദ്യാനമെന്നാണ് പേരുമാറ്റത്തിനു ന്യായമായി ഡി.യു അധികൃതർ വ്യക്തമാക്കിയത്

Update: 2023-01-30 16:18 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹി സർവകലാശാല(ഡി.യു)യിലെ മുഗൾ ഉദ്യാനത്തിന്റെ പേരുമാറ്റി. ഗൗതം ബുദ്ധ സെന്റിനറി ഗാർഡൻ എന്ന പേരിലായിരിക്കും ഡി.യു നോർത്ത് കാംപസിലെ ഉദ്യാനം ഇനി അറിയപ്പെടുക.

ജനുവരി 27നാണ് സർവകലാശാലാ അധികൃതർ പൂന്തോട്ടത്തിന്റെ പേരുമാറ്റിയത്. മുഗൾ രൂപകൽപനയിൽ നിർമിക്കപ്പെട്ടതല്ല ഉദ്യാനമെന്നാണ് നടപടിക്ക് ന്യായമായി അധികൃതർ വ്യക്തമാക്കിയത്. ഗാർഡൻ കമ്മിറ്റിയുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് പേരുമാറ്റമെന്ന് ഡി.യു രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു.

ഉദ്യാനത്തിനു മധ്യത്തിൽ ഗൗതമ ബുദ്ധന്റെ പ്രതിമയുണ്ട്. ഇതിനാലാണ്, ഗൗതം ബുദ്ധ സെന്റിനറി ഗാർഡൻ എന്നു പേരിടാൻ കാരണമെന്നാണ് വിശദീകരണം. മുഗൾ ഭരണാധികാരികൾ നിർമിച്ചതല്ല ഉദ്യാനം. മുഗൾ വാസ്തുരീതിയിൽ നിർമിച്ചതുമല്ലെന്നും ഒരു സർവകലാശാലാ വൃത്തം കൂട്ടിച്ചേർത്തു.

കുളം, ജലധാര അടക്കമുള്ള രൂപകൽപനയിലാണ് മുഗൾ ഉദ്യാനങ്ങൾ നിർമിക്കപ്പെടാറ്. ഫലങ്ങളും പൂക്കളുമുള്ള മരങ്ങളുമുണ്ടാകും. ഇത് താജ്മഹൽ അടക്കമുള്ള മുഗൾ ഉദ്യാനങ്ങളിൽ കാണാം. എന്നാൽ, ഇതൊന്നും ഡൽഹി യൂനിവേഴ്‌സിറ്റിയിലെ പൂന്തോട്ടത്തിനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനത്തിന്റെ പേര് അമൃത് ഉദ്യാനം എന്നാക്കിയിരുന്നു. കൊളോനിയൽ കാലഘട്ടത്തിന്റെ സ്വാധീനം പൂർണമായും ഒഴിവാക്കാനാണ് നടപടിയെന്നായിരുന്നു വിശദീകരണം. രാജ്യതലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥ്, 'കർത്തവ്യപഥ്' ആയി പേര് മാറ്റിയിരുന്നു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയുടെ ചരിത്രപ്രധാനമായ പേരാണ് മാറ്റിയിരുന്നത്. ഡൽഹിയിലെ ഏറ്റവും ജനപ്രിയമായ പാതകളിലൊന്നാണ് രാജ്പഥ്. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടുന്ന റേസ് കോഴ്‌സ് പാതയുടെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കിയിരുന്നു. ഔറംഗസേബ് റോഡ് ഡോ. എ.പി.ജെ അബ്ദുൽ കലാം റോഡ് എന്നും തീൻമൂർത്തി ചൗക്ക് തീൻമൂർത്തി ഹൈഫ ചൗക്ക് എന്നും പുനർനാമകരം ചെയ്തിരുന്നു.

Summary: Delhi University renamed the Mughal Garden of North Campus as 'Gautam Buddha Centenary' Garden

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News