കനത്ത മഴ; ഡല്‍ഹിയില്‍ അഴുക്കുചാലില്‍ വീണ് യുവതിയും മൂന്നുവയസുള്ള കുഞ്ഞും മരിച്ചു
ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം
ഡല്‍ഹി: ഡൽഹിയിലെ മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. ഗാസിപൂരിൽ മഴവെള്ളം നിറഞ്ഞ അഴുക്കുചാൽ വീണ് യുവതിയും മൂന്ന് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം.
തനൂജ ബിഷ്ത്(23) എന്ന യുവതിയും മകന്‍ പ്രിയാൻഷിനൊപ്പം ഗാസിപൂരിലെ ആഴ്ചച്ചന്തയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ നിറയെ വെള്ളം നിറഞ്ഞിരുന്നു. വെള്ളക്കെട്ടില്‍ റോഡിന് സമീപമുള്ള ഓടയിലേക്ക് തനൂജയും മകനും അബദ്ധത്തില്‍ വീഴുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം, രണ്ട് മൃതദേഹങ്ങളും 500 മീറ്റർ അകലെ നിന്ന് കണ്ടെടുത്തു. മകന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു തനൂജയുടെ മൃതദേഹം. രക്ഷാപ്രവർത്തനം വേഗത്തിലായിരുന്നെങ്കിൽ അമ്മയെയും മകനെയും രക്ഷിക്കാമായിരുന്നെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. അപകടം നടക്കുമ്പോള്‍ നോയിഡയിലെ ജോലിസ്ഥലത്തായിരുന്നു തനൂജയുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗ്.
അഴുക്കുചാലുകൾ നിറഞ്ഞു കവിഞ്ഞതിനാൽ തനൂജക്ക് ഓട തിരിച്ചറിയാനായില്ലെന്ന് അമ്മാവന്‍ ഹരീഷ് റാവത്ത് പറഞ്ഞു. "രാത്രി 7.30 ഓടെയാണ് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് റെസ്‌ക്യൂ ടീമുമായി എത്തി. പക്ഷേ അവരുടെ കയ്യില്‍ മതിയായ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല. എങ്കിലും അവർ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ അത് ഫലവത്തായില്ല. രണ്ട് മണിക്കൂറിലധികം കഴിഞ്ഞ് മൃതദേഹങ്ങൾ കണ്ടെടുത്തു." ഹരീഷ് കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയെ തുടർന്ന് ഇന്നലെ രാജ്യതലസ്ഥാനത്ത് ആകെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഈ സീസണിലെ ഏറ്റവും അതിശക്തമായ മഴയാണ് ഡല്‍ഹിയില്‍ ഇന്നലെ വൈകിട്ട് മുതൽ പെയ്തത്. വടക്കൻ ഡൽഹിയിലെ സബ്‌സി മണ്ഡി മേഖലയിൽ വീട് തകർന്നു. ധര്യാഗഞ്ചിൽ സ്കൂളിൻ്റെ മതിൽ തകർന്നു.നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.കേദാർനാഥിൽ 200 ഓളം തീർഥാടകർ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. ഹിമാചൽ പ്രദേശ് മാണ്ഡിയിലെ താൽതുഖോഡിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 36 പേരെ കാണാതായി.