ഡൽഹിയിൽ പഴയ മദ്യനയം ആറ് മാസത്തേക്ക് നീട്ടി
പരിഷ്‌കരിച്ച പുതിയ മദ്യനയം ഉടൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകി.
Update: 2023-03-15 09:49 GMT
ന്യൂഡൽഹി: ഡൽഹിയിൽ പഴയ മദ്യനയം ആറ് മാസത്തേക്ക് കൂടി നീട്ടി. പരിഷ്‌കരിച്ച പുതിയ മദ്യനയം ഉടൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകി. ലൈസൻസ് അനുവദിച്ചതിൽ അഴിമതിയാരോപണം ഉയർന്നതിനെ തുടർന്ന് പുതിയ മദ്യനയം കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് പിൻവലിച്ചിരുന്നു.
2021-22 വർഷത്തിൽ സർക്കാർ അവതരിപ്പിച്ച മദ്യനയത്തിൽ ബി.ജെ.പിയും കോൺഗ്രസും അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ലഫ്റ്റനന്റ് ഗവർണറായിരുന്ന വിജയ് കുമാർ സക്‌സേന സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സി.ബി.ഐ കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. നേരത്തെ അറസ്റ്റിലായവരിൽനിന്ന് ലഭിച്ച ഇലക്ട്രോണിക് രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് സി.ബി.ഐ വിശദീകരണം.