യുപിയിൽ ഐഫോൺ ഡെലിവറിക്കെത്തിയ എക്സിക്യൂട്ടീവിനെ കൊന്നു കനാലിൽ തള്ളി
മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് കൊലപാതകം
ലഖ്നൗ: ഓൺലൈനിലൂടെ ഓർഡർ ചെയ്ത ആപ്പിൾ ഐഫോൺ നൽകാനത്തെിയ ഡെലിവെറി എക്സിക്യൂട്ടീവിനെ കൊന്നു. ഉത്തർപ്രദേശിലെ ലഖ്നൗവിൽ സെപ്റ്റംബർ 23നായിരുന്നു സംഭവം. മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് ഡെലിവെറി എക്സിക്യൂട്ടീവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിൽ തള്ളുകയും ചെയ്തു. അധികൃതർ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
'ഗജാനൻ എന്ന വ്യക്തിയാണ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ ഓർഡർ ചെയ്തത്. ക്യാഷ് ഓൺ ഡെലിവെറി പേയ്മെൻ്റ് ഓപ്ഷനായിരുന്നു ഇയാൾ തെരഞ്ഞെടുത്തത്. ഭരത് സാഹു എന്ന ഡെലിവറി എക്സിക്യൂട്ടീവ് ഫോൺ നൽകാൻ ഗജാനൻ്റെ വീട്ടിലെത്തി. തുടർന്ന് പ്രതിയും കൂട്ടാളിയും ചേർന്ന് ഡെലിവറി ഏജൻ്റിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ ഉപേക്ഷിച്ചു.'- ഡിസിപി ശശാങ്ക് സിങ് പറഞ്ഞു.
രണ്ട് ദിവസമായിട്ടും ഭരതിനെ കാണാതായതോടെ കുടുബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഭരതിൻ്റെ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്കെത്തിയത്