നോട്ട് നിരോധനത്തിനെതിരായ ഹരജികളിൽ സുപ്രിംകോടതി ജനുവരി രണ്ടിന് വിധി പറയും

ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിൽ വിധി പറയുക

Update: 2022-12-22 14:26 GMT
Advertising

ന്യൂഡൽഹി: നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച 50 ഹരജികളിൽ സുപ്രിംകോടതി ജനുവരി രണ്ടിന് വിധി പറയും. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിൽ വിധി പറയുക. ജനുവരി മൂന്നിനാണ് ജസ്റ്റിസ് അബ്ദുൽ നസീർ വിരമിക്കുന്നത്. അതിന് മുമ്പ് ഹരജികൾ തീർപ്പാക്കുമെന്ന് 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു.

ജസ്റ്റിസ് ബി.ആർ ഗവായ് തയ്യാറാക്കിയ ഐകകണ്‌ഠ്യേനയുള്ള വിധിയാണ് ബെഞ്ച് പുറപ്പെടുവിക്കുക എന്നാണ് സൂചന. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി നാഗാർഥന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ റിസർവ് ബാങ്കിനോടും കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിരുന്നു. മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരം ആണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്. നോട്ട് നിരോധനം രാജ്യത്തെ നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്നും സാമ്പത്തിക വ്യവസ്ഥയെ തകർത്തുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കാനുള്ള സർക്കാരിന്റെ ഏത് അധികാരവും സെൻട്രൽ ബോർഡിന്റെ ശിപാർശയിൽ മാത്രമാണെന്നും എന്നാൽ നിലവിലെ കേസിൽ നടപടിക്രമങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും ചിദംബരം വാദിച്ചു.

ഒരു ഘട്ടത്തിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും ഒരൊറ്റ തീരുമാനത്തിലൂടെ സാമ്പത്തിക വ്യവസ്ഥക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരാൻ നോട്ട് നിരോധനത്തിന് സാധിച്ചെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News