ഐസിയുവിൽ ഷൂ ഇട്ട് കയറാനാവില്ലെന്ന് പറഞ്ഞു; ആശുപത്രിയിലേക്ക് ബുൾഡോസർ വിളിപ്പിച്ച് ലഖ്‌നൗ മേയർ
മേയറുമായി തർക്കമുണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ആശുപത്രി ഡയറക്ടർ മുദ്രിക സിങിന്റെ വാദം
ലഖ്‌നൗ: യുപിയിൽ ഐസിയുവിൽ ഷൂ ഇട്ട് കയറുന്നത് വിലക്കിയതിന് ആശുപത്രിയിലേക്ക് ബുൾഡോസർ വിളിപ്പിച്ച് മേയർ. ലഖ്‌നൗ സിറ്റി മേയർ സുഷമ ഖരക്‌വാൾ ആണ് ആശുപത്രിയിലേക്ക് ബുൾഡോസർ എത്തിച്ചത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയതോടെ ബുൾഡോസർ തിരിച്ചയച്ചതായും ആശുപത്രി അധികൃതർ പറയുന്നു.
ബിജ്‌നോറിലുള്ള വിനായക് മെഡി കെയർ പ്രൈവറ്റ് ഹോസ്പിറ്റലിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഐസിയുവിൽ കിടക്കുന്ന സുരൺ കുമാർ എന്നയാളെ കാണാനാണ് മേയറെത്തിയത്. ഷൂ ധരിച്ച് ഐസിയുവിൽ കയറാനാകില്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചതോടെ പ്രശ്‌നങ്ങളുടലെടുത്തു. തർക്കം രൂക്ഷമായതോടെ മേയർ ആശുപത്രിയിലേക്ക് ബുൾഡോസർ വിളിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു. മേയറുമായി തർക്കമുണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ആശുപത്രി ഡയറക്ടർ മുദ്രിക സിങിന്റെ വാദം.