ഗവർണറെ പ്രതിരോധിക്കൽ; സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ ഇന്ന് വിശദ ചർച്ച

​ഗവർണർക്കെതിരെ കേരളത്തിന് പുറത്ത് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിമർശനമുന്നയിച്ചിരുന്നു.

Update: 2022-10-30 01:10 GMT
Advertising

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ഇന്ന് വിശദമായ ചർച്ച നടക്കും. ഇന്നലെ ഗവർണർക്കെതിരെ രൂക്ഷ വിമർശനം കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നിരുന്നു.

സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നടത്തുന്ന അസാധാരണ നീക്കങ്ങളിൽ കേരളത്തിന് പുറത്ത് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിമർശനമുന്നയിച്ചിരുന്നു. ഗവർണറുടെ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങളെ തടയാനുള്ള തീരുമാനങ്ങൾ ആകും കേന്ദ്ര കമ്മിറ്റിയിൽ എടുക്കുക.

ഗവര്‍ണര്‍ക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക, ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടോ എന്നിവ കേന്ദ്ര കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും. വിഷയത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തുന്നതും പരിഗണനയിലുണ്ട്.

മന്ത്രിമാര്‍ക്കെതിരെയും വി.സിമാർക്കെതിരെയും ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ഇന്നലത്തെ ചര്‍ച്ച.

അതേസമയം, പോളിറ്റ് ബ്യൂറോയിൽ പുതിയ അംഗത്തെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വൈകുന്നേരം ചേരുന്ന പി.ബി യോഗം തീരുമാനമെടുക്കും. കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ ഉണ്ടായ ഒഴിവിൽ‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ഉൾപ്പെടുത്തുന്ന കാര്യത്തിലാണ് പി.ബി യോഗം തീരുമാനമെടുക്കുക. തുടർന്ന് ഇക്കാര്യം കേന്ദ്ര കമ്മിറ്റിയെ അറിയിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News