'വികസനം വേണോ, ബിജെപി ജയിക്കണം'; യുപിയിൽ നരേന്ദ്രമോദിയുടെ പ്രസംഗം
2017നേക്കാൾ വലിയ വിജയം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ഉത്തർപ്രദേശിൽ വികസനം വേണമെങ്കിൽ ബിജെപി ജയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനം വികസനപാതയിലാണെന്നും അത് തടയാനാകില്ലെന്നും യുപി ജൗൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന ഉത്തർപ്രദേശിലെ ആറാം ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായാണ് വോട്ടിങ് ഉണ്ടാകുകയെന്ന് മോദി അവകാശപ്പെട്ടു.
2017നേക്കാൾ വലിയ വിജയം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടിയെ 'മാഫിയവാദി' (മാഫിയയോട് മൃദുസമീപനം സ്വീകരിക്കുന്നവർ) എന്ന് വിളിക്കുന്ന മോദി സംസ്ഥാനത്തെ മാഫിയമുക്തമാക്കാൻ ബിജെപി സർക്കാർ വരണമെന്നും അവകാശപ്പെട്ടു.
മാർച്ച് ഏഴിനുള്ള ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് വാരണാസിയിലും സമീപത്തെ എട്ടു ജില്ലകളിലുമാണ്. പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളും ഇതര പ്രതിപക്ഷ നേതാക്കളും ഇവിടം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്ന മോദി അദ്ദേഹത്തിന്റെ ലോകസഭ മണ്ഡലമായ വാരണാസിയിൽ തീവ്രപ്രചാരണം തന്നെ നടത്തും. മാർച്ച് നാലിനും അഞ്ചിനും അദ്ദേഹം പ്രദേശത്തുണ്ടാകും. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായാ മമതാ ബാനർജി, എസ്പി പ്രസിഡൻറ് അഖിലേഷ് യാദവ്, ആർഎൽഡി നേതാവ് ജയന്ത് ചൗധരി എന്നിവരും ക്ഷേത്രനഗരിയിൽ റാലികൾ നടത്തും.
पीएम श्री @narendramodi जौनपुर, उत्तर प्रदेश में जनसभा को संबोधित करते हुए। https://t.co/wwiKBc16BC
— BJP (@BJP4India) March 3, 2022
അതേസമയം, കാൺപൂർ സിറ്റിയിലെ ഗല്ലാ മണ്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) അജ്ഞാതർ കൃത്രിമം കാണിച്ചെന്നാരോപിച്ച് സമാജ് വാദി പാർട്ടി സ്ഥാനാർഥിരചന സിംഗ് പരാതിനല്‍കി. ഉത്തർപ്രദേശിലെ ബിൽഹൗർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായ രചന സി.സി.ടി.വി ദൃശ്യങ്ങളോടെയാണ് പരാതി നൽകിയത്. ഒരാൾ ഇടക്കിടെ വോട്ടിങ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്‌റൂമിനുള്ളിൽ പോകുന്നതും പുറത്തേക്ക് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഫെബ്രുവരി 20 നാണ് കാൺപൂരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനുശേഷം വോട്ടെണ്ണലിനായി ഇ.വി.എമ്മുകൾ ഗല്ലാ മണ്ടിയിലെ സ്ട്രോംഗ്റൂമിലായിരുന്നു സൂക്ഷിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ അറിവോടെയാണ് ഇത് നടന്നിരിക്കുന്നതെന്നും രചന സിംഗ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശമനുസരിച്ച് ജില്ലവരണാധികാരിക്ക് പോലും സ്ട്രോങ്റൂമിന് സമീപം പോകാൻ അനുവദിക്കുന്നില്ലെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും നടപടിയെടുക്കണമെന്നും എസ്.പി സ്ഥാനാർഥി പരാതിയിൽ പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി കാൺപൂരിലെ ജില്ലവരാണാധികാരി രംഗത്തെത്തി. 'മാർച്ച് ഒന്നിന് രണ്ട് പേർ ബിൽഹൗർ സ്ട്രോംഗ് റൂമിന്റെ പുറം ഭിത്തിയിലൂടെ അകത്തേക്ക് കയറാൻ ശ്രമിക്കുകയും അവരെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്യാൻ ലോക്കൽ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ' അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ സ്‌ക്രീൻഷോട്ടാണ് എസ്പി സ്ഥാനാർഥി സ്ട്രോങ്റൂമിൽ ആരോ പ്രവേശിച്ചുവെന്ന് ആരോപിച്ച് പങ്കുവെച്ചതെന്നും അധികൃതർ അവകാശപ്പെട്ടു. ആരും സ്ട്രോങ് റൂമിൽ കയറി ഇവിഎമ്മിൽ കൃത്രിമം കാണിച്ചിട്ടില്ലെന്നും എസ്പി സ്ഥാനാർത്ഥിയുടെ പരാതി തെറ്റും അടിസ്ഥാനരഹിതവുമാണ്'' എന്നും പ്രാദേശിക അധികാരികൾ പറഞ്ഞു. യു.പിയിൽ ആറാംഘട്ടതെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം ഏഴിന് നടക്കും. മാർച്ച് 10നാണ് ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഫലം പുറത്ത് വരുന്നത്.
'Development needs, BJP must win'; Narendra Modi's speech in UP