തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തില്‍ പഴുതാര; നിഷേധിച്ച് അധികൃതര്‍
ക്ഷേത്രം അധികൃതരെ അറിയിച്ചപ്പോൾ ഇത് ഇടയ്ക്ക് ഉണ്ടാകാറുണ്ടെന്നായിരുന്നു മറുപടിയെന്ന് പരാതിക്കാരന്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ പഴുതാരയെ കണ്ടെത്തിയതായി ആരോപണം. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തനാണ് പ്രസാദത്തിൽ പഴുതാരയെ കണ്ടെത്തിയതായി ആരോപിച്ചത്. പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രം അധികൃതർ ഇത് നിഷേധിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം.
ക്ഷേത്ര ദർശനത്തിനായി എത്തിയ ചന്തു എന്നയാൾക്കാണ് ഭക്ഷണത്തിൽ നിന്നും പഴുതാരയെ കിട്ടിയത്. തലമുണ്ഡനം ചെയ്ത് ഭക്ഷണം കഴിക്കാനിരുന്ന തനിക്ക് വിളമ്പിയ തൈര് സാദത്തിലാണ് ചത്ത പഴുതാരയെ കണ്ടത്. ഇക്കാര്യം ക്ഷേത്രം അധികൃതരെ അറിയിച്ചപ്പോൾ ഇത് ഇടയ്ക്ക് ഉണ്ടാകാറുണ്ടെന്നായിരുന്നു മറുപടിയെന്നും ഇത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. ഇത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ക്ഷേത്രം അധികൃതർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ ചിത്രവും വിഡിയോവും പകർത്തി അധികൃതരെ കാണിച്ചെങ്കിലും ഭക്ഷണം വിളമ്പിയ ഇലയിൽ നിന്നും വന്നതാകാം ഇതെന്ന വാദമാണ് അധികൃതർ ഉന്നയിച്ചതെന്നും പരാതിക്കാരൻ പറയുന്നു. ഈ നിരുത്തരവാദപരമായ ഇടപെടൽ അംഗീകരിക്കാനാവില്ല. കുട്ടികളും മുതിർന്നവരും വരെ ഇവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ട്. പരാതി ഉന്നിച്ച തന്നെ അപമാനിക്കാനാണ് ക്ഷേത്രം അധികൃതർ ശ്രമിച്ചതെന്നും ചന്തു പറഞ്ഞു.
അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആയിരക്കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രത്തിൽ നല്ലരീതിയിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും ചൂടോടുകൂടി അപ്പോൾ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണ് ഭക്തർക്ക് വിളമ്പാറുള്ളതെന്നും അധികൃതർ പറഞ്ഞു. ക്ഷേത്രത്തെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ ക്ഷേത്രത്തെ അപമാനിക്കരുതെന്നും പരാതിക്കാരനോട് ആവശ്യപ്പെട്ടതായും ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കവെയാണ് ഭക്ഷണത്തിൽ നിന്നും പഴുതാരയെ കിട്ടുന്നത്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം. പിന്നാലെ ഇത് രാഷ്ട്രീയ പോരിന് വഴിവെക്കുകയായിരുന്നു. വിഷയത്തില്‍ സിബിഐ ഡയറക്ടറുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ് സുപ്രിംകോടതി.
വെങ്കിടേശ്വര ക്ഷേത്രത്തിലെ കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങൾ ശാന്തമാക്കുന്നതിന് സംസ്ഥാന പൊലീസ്, സിബിഐ, എഫ്എസ്എസ്എഐ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു സ്വതന്ത്ര എസ്ഐടി അന്വേഷണം നടത്തുമെന്നാണ് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. ഇതൊരു രാഷ്ട്രീയ നാടകമായി മാറാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻ്റെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുക. ഇതിൽ രണ്ട് പേർ സിബിഐയിൽ നിന്നും രണ്ട് പേർ സംസ്ഥാന പൊലീസിൽ നിന്നും രണ്ട് പേർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും ആയിരിക്കും. വിഷയത്തിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ സാധ്യതയുള്ള ആരോപണങ്ങളുണ്ടെന്ന് പറഞ്ഞ സുപ്രിംകോടതി, എസ്ഐടി അന്വേഷണം സിബിഐ ഡയറക്ടർ നിരീക്ഷിക്കുമെന്നും വ്യക്തമാക്കി.