രാജ്യത്ത് സ്വേച്ഛാധിപത്യം അവസാനിച്ചു; ജനവിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടു: ഫാറൂഖ് അബ്ദുള്ള
ലോക്‌സഭയിൽ ശക്തമായ പ്രതിപക്ഷ ശബ്ദമുയരുമെന്നും ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ നാളുകൾ അവസാനിച്ചെന്നും ഇനി ശക്തമായ പ്രതിപക്ഷ ശബ്ദമുയരുമെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജനങ്ങൾ നൽകിയ വിധിയിലൂടെ ഭരണഘടന സംരക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ പാർലമെന്റിൽ ഉണ്ടായിരുന്നപ്പോൽ പ്രതിപക്ഷം ദുർബലമായിരുന്നു. അവിടെ സ്വേച്ഛാധിപത്യം മാത്രമാണുണ്ടായിരുന്നത്. അന്ന് പ്രതിപക്ഷത്തെ കേൾക്കാൻ ആരും തയാറായിരുന്നില്ല. എന്നാൽ വോട്ടിലൂടെ ജനങ്ങൾ സ്വേച്ഛാധിപത്യത്തെ തോൽപ്പിച്ചിരിക്കുന്നു. ദൈവത്തിന് നന്ദി'.ഫാറൂഖ് പറഞ്ഞു. ജമ്മുവിലെ അഞ്ച് സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് രണ്ടിടത്ത് വിജയിച്ചിരുന്നു.
അതേസമയം ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഇല്ലെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ജമ്മു കശമീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തു വന്നു. എൻഡിഎ മുസ്ലിം മുക്തമാണ്, ക്രിസ്ത്യൻ മുക്തമാണ്, ബുദ്ധ-സിഖ് മുക്തമാണ്. എന്നിട്ടും അവരുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിന്നുണ്ടെന്ന് അവകാശപ്പെടുന്നു.' ഒമർ എക്‌സിൽ കുറിച്ചു. അനന്തനാഗ്-രജൗരി സീറ്റിൽ നിന്നും ഇത്തവണ ലോക്‌സഭയിലേക്ക് ജനവിധി തേടിയ ഒമർ പരാജയപ്പെട്ടിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജമ്മുവിൽ നിന്നുള്ള രണ്ട് നേതാക്കളാണ് കേന്ദ്ര സർക്കാറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.