'ഞാന്‍ തെറ്റായിട്ടൊന്നും ചോദിച്ചിട്ടില്ല': ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കോണ്ടം പരാമര്‍ശത്തെ കുറിച്ച് പെണ്‍കുട്ടി

ഇന്ന് പാഡ് ചോദിക്കും, നാളെ കോണ്ടം വേണമെന്ന് പറയും എന്നാണ് സ്കൂള്‍ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ പറഞ്ഞത്.

Update: 2022-09-29 15:33 GMT
Advertising

സ്‌കൂളുകളിൽ കൗമാരക്കാർക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ നൽകണമെന്ന് അഭ്യര്‍ഥിച്ച പെണ്‍കുട്ടിയോട് മോശമായി പ്രതികരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ വിവാദത്തില്‍. ഇന്ന് പാഡ് ചോദിക്കും, നാളെ കോണ്ടം വേണമെന്ന് പറയും എന്നാണ് സ്കൂള്‍ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ പറഞ്ഞത്. എന്നാല്‍ താന്‍ ചോദിച്ചത് ശരിയായ ചോദ്യമാണെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.

"(സാനിറ്ററി പാഡുകളെപ്പറ്റി) എന്റെ ചോദ്യം തെറ്റായിരുന്നില്ല. അതൊരു വലിയ കാര്യമല്ല. എനിക്ക് വാങ്ങാന്‍ കഴിയും. പക്ഷേ ചേരികളിൽ താമസിക്കുന്ന പലര്‍ക്കും വാങ്ങാന്‍ പണമില്ല. ഞാൻ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല. എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. ഞങ്ങളുടെ ആശങ്ക അറിയിക്കാനാണ് പോയത്. അല്ലാതെ വഴക്കുണ്ടാക്കാനല്ല"- റിയ കുമാരി എന്ന വിദ്യാര്‍ഥിനി വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

ബിഹാറിലാണ് സംഭവം. യൂനിസെഫുമായി സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയിലാണ് ഉദ്യോഗസ്ഥ വിദ്യാര്‍ഥിനിയോട് ക്രൂരമായി പെരുമാറിയത്. സൗജന്യ സൈക്കിളും യൂണിഫോമും നൽകുന്ന സർക്കാർ സൗജന്യ സാനിറ്ററി നാപ്കിന്‍ നല്‍കുന്ന കാര്യവും പരിഗണിക്കണമെന്നാണ് റിയ എന്ന വിദ്യാര്‍ഥിനി അഭ്യര്‍ഥിച്ചത്.

"ഇത്തരം സൗജന്യങ്ങൾക്ക് പരിധിയില്ല. സർക്കാർ ഇപ്പോൾ തന്നെ ധാരാളം നൽകുന്നു. ഇന്ന് നിങ്ങൾക്ക് സൗജന്യമായി ഒരു പാക്കറ്റ് നാപ്കിന്‍ വേണം. നാളെ നിങ്ങൾക്ക് ജീൻസും ഷൂസും വേണം. പിന്നീട് കുടുംബാസൂത്രണത്തിന്റെ ഘട്ടം വരുമ്പോൾ നിങ്ങൾ സൗജന്യമായി ഗർഭനിരോധന ഉറകളും വേണമെന്ന് ആവശ്യപ്പെടും"- എന്നാണ് ഉദ്യോഗസ്ഥ നല്‍കിയ മറുപടി.

ജനങ്ങളുടെ വോട്ടുകളാണ് സർക്കാറിനെ ഉണ്ടാക്കുന്നത് എന്നായിരുന്നു മറ്റൊരു വിദ്യാർഥിയുടെ പ്രതികരണം. ആ ചിന്ത വിഡ്ഢിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. അങ്ങനെയെങ്കിൽ വോട്ട് ചെയ്യരുത്. പാകിസ്താനാവുകയാണോ ഉദ്ദേശ്യം? നിങ്ങൾ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവർ ചോദിച്ചു. എന്നാൽ താൻ ഇന്ത്യക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നും പെൺകുട്ടി തിരിച്ചു ചോദിച്ചു.

സ്‌കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെക്കുറിച്ചായിരുന്നു മറ്റൊരു വിദ്യാർഥിയുടെ ചോദ്യം. എല്ലാം സർക്കാർ നൽകണമെന്ന ചിന്ത തെറ്റാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി- "വീട്ടിൽ നിങ്ങൾക്ക് പ്രത്യേക ശുചിമുറിയുണ്ടോ? എപ്പോഴും നിങ്ങൾ പലസ്ഥലങ്ങളിലായി പല കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അത് എങ്ങനെ നടക്കും? എല്ലാം സർക്കാർ നൽകണമെന്ന ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങൾ സ്വയം ചെയ്യണം". വിദ്യാർഥിനിയോട് രൂക്ഷമായി പ്രതികരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥയോട് ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News