ആദായനികുതിയില്‍ മാറ്റമില്ല; ഡിജിറ്റല്‍ കറന്‍സി വരുന്നു
ഡിജിറ്റല്‍ രൂപ ആർ.ബി.ഐ പുറത്തിറക്കും
കോവിഡ് മൂന്നാംതരംഗം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ പ്രതിസന്ധി മറികടക്കാനുള്ള വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ്. രാജ്യത്ത് സ്വന്തമായി ഡിജിറ്റല്‍ കറന്‍സിക്ക് രൂപംനല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഡിജിറ്റല്‍ രൂപ ആർ.ബി.ഐ പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. 'ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ' പദ്ധതി വഴി ഭൂമി രജിസ്ട്രേഷൻ ഏകീകരിച്ചതും പ്രധാന പ്രഖ്യാപനമാണ്.
കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് മൊബൈൽ ഫോൺ, രത്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ വില കുറയാനിടയാക്കും. അതേസമയം, ഇക്കുറിയും ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. തെറ്റുതിരുത്തി നികുതി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം അനുവദിച്ചതാണ് ഈ മേഖലയിലെ പ്രധാനമാറ്റം. റോഡ്, റെയിൽവേ, വിദ്യാഭ്യാസം, ടെലികോം തുടങ്ങിയ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
പ്രതിരോധമേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കും. പ്രതിരോധ ഗവേഷണ - വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങൾക്ക് അനുമതി നൽകാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ആയുധങ്ങൾ സ്വന്തമായി നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്.