'ശ്രീരാമന്‍ ഹൃദയത്തിലുണ്ട്, അയോധ്യയിലെത്താന്‍ ആരുടേയും ക്ഷണം വേണ്ട'; വീണ്ടും പരസ്യ പ്രസ്താവനയുമായി ദിഗ്‌വിജയ് സിങ്
രാമക്ഷേത്രവിഷയത്തിൽ നേതാക്കൾ പരസ്യപ്രതികരണം നടത്തുന്നത് ഹൈക്കമാന്റ് വിലക്കിയിരുന്നു
ഡല്‍ഹി: രാമക്ഷേത്ര വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ശ്രീരാമൻ ഹൃദയത്തിലുണ്ടെന്നും ചടങ്ങിൽ പങ്കെടുക്കാൻ ആരുടേയും ക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര വിഷയത്തിൽ നേതാക്കൾ പരസ്യ പ്രതികരണം നടത്തുന്നത് ഹൈക്കമാന്റ് വിലക്കിയിരുന്നു.
ഏറ്റവുമാദ്യം രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് നേതാവുകൂടിയാണ് ദിഗ്‌വിജയ് സിങ്. 'സോണിയ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി പങ്കെടുക്കും. അല്ലാത്തപക്ഷം സോണിയ ഗാന്ധി നിർദേശിക്കുന്ന കോൺഗ്രസിന്റെ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കും'- എന്നായിരുന്നു അന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞത്.
ഇതിന് പിന്നാലെ മറ്റു പല നേതാക്കളും പ്രസ്താവന നടത്തിയതോടെയാണ് പരസ്യപ്രസ്താവന ഹൈക്കമാന്റ് വിലക്കിയത്. അത് ലംഘിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ ദിഗ്‌വിജയ് സിങ് രാമക്ഷേത്ര വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയത്.
'അയോധ്യയിലെത്താൻ ആരുടേയും ക്ഷണം ആവശ്യമില്ല, രാമൻ എല്ലാവരുടേയും ഹൃദയത്തിലാണുള്ളത്, പഴയ വിഗ്രഹം എന്തിന് മാറ്റി, പുതിയ വിഗ്രഹം തെരഞ്ഞെടുക്കേണ്ട അവശ്യമുണ്ടായിരുന്നോ' എന്നും അദ്ദേഹം ചോദിച്ചു. നേരത്തേ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും സമാനമായ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.