ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും നടക്കുന്നത് അപകടകരം; മാൽപെയ്ക്ക് അനുമതി നൽകാത്തതിൽ വിശദീകരണവുമായി ജില്ലാ കലക്ടർ
മൽപെയെ തിരിച്ചു വിളിക്കുന്നതു സംബന്ധിച്ച് എസ്പി ആണ് തീരുമാനമെടുക്കുന്നതെന്നും കലക്ടർ
അങ്കോല: അർജുനായുള്ള തിരച്ചിലിൽ മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തതിൽ വിശദീകരണവുമായി ജില്ലാ കളക്ടർ. ഡ്രഡ്ജിങും ഡൈവിങ്ങും ഒരേ സമയം നടക്കുന്നത് അപകടമായതിനാലാണ് മാൽപെയ്ക്ക് അനുമതി നൽകാത്തതെന്നാണ് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയയുടെ വിശദീകരണം.
തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ മൽപെയെ തിരിച്ചു വിളിക്കുന്നതു സംബന്ധിച്ച് എസ്പി ആണ് തീരുമാനമെടുക്കുന്നതെന്നും കലക്ടർ പറഞ്ഞു. എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ തിരച്ചിലിന്റെ ഭാഗമാകുമെന്നും ആവശ്യമെങ്കിൽ നേവിയുടെ സഹായം തേടുമെന്നും കലക്ടർ വ്യക്തമാക്കി.
ഷിരൂരിൽ തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്. എന്നാൽ ഇന്നു നടത്തിയ തിരച്ചിലിലും കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ ദൗത്യം 10 ദിവസത്തേക്ക് കൂടി നീട്ടുകയാണെന്നും ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.
അതേസമയം, ഷിരൂരിലെ മുന്നോട്ടുള്ള ദൗത്യത്തിനായി മേജർ ഇന്ദ്രബാലിന്റെ സഹായം തേടുമെന്നും തിരച്ചിൽ തുടരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. നാളെ റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിൽ എത്തും. അഞ്ചു ഡൈവർമാർ അടിത്തട്ടിൽ പരിശോധന നടത്താൻ സജ്ജമാണ്. ഈശ്വർ മാൽപെ ഇല്ലെങ്കിലും തിരച്ചിൽ നടത്താനാകും. അദ്ദേഹം പറഞ്ഞു.
കാർവാർ എസ്.പി നാരായണ അടക്കമുള്ളവർ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണത്തിനു പിന്നാലെയാണ് ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയത്. സർക്കാർ നടത്തുന്ന തിരച്ചിലിന് സമാന്തരമായി ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ രംഗത്തുവന്നിരുന്നു.
അതേസമയം ഡ്രഡ്ജിങ് ഉപയോഗിച്ചുള്ള തിരച്ചിൽ എത്ര ദിവസം വേണമെങ്കിലും തുടരുമെന്ന് കർണാടക ഫിഷറീസ് മന്ത്രി മംഗൾ വൈദ്യ വ്യക്തമാക്കി. പരിശോധനയിൽ ലഭിക്കുന്നത് ടാങ്കർ ലോറിയുടെ ഭാഗങ്ങളാണെന്നും അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്താൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.