വർഗീയ ധ്രുവീകരണവും വിഭാഗീയതയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ തകർക്കുന്നു- ലോകബാങ്ക് മുൻ തലവൻ കൗശിക് ബസു

''ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനത്തിനു മുകളിലാണ്. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്.''

Update: 2022-05-26 14:07 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യയുടെ വളർന്നുകൊണ്ടിരിക്കുന്ന വിഭാഗീയതയും വർഗീയ ധ്രുവീകരണവും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക് മുൻ തലവൻ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഉറച്ചതാണെങ്കിലും പുതിയ പ്രവണതകൾ രാജ്യത്തിന്റെ വളർച്ചയുടെ അടിത്തറയാണ് തകർക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ കൗശിക് ബസു പറഞ്ഞു.

''രാജ്യത്തിന്റെ വളർച്ച സാമ്പത്തികനയത്തെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്. ജനങ്ങളുടെ വിശ്വാസമാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക വിജയത്തിൽ ഏറ്റവും നിർണായകമായ ഘടകമെന്നതിന് നിരവധി തെളിവുകളുണ്ട്. ഇന്ത്യൻ സമൂഹത്തിലെ വിഭാഗീയതയും ധ്രുവീകരണത്തിന്റെ വളർച്ച ദുഃഖകരമാണെന്നു മാത്രമല്ല, രാജ്യത്തിന്റെ വളർച്ചയെ തന്നെയാണ് അത് തകർത്തുകൊണ്ടിരിക്കുന്നത്.''-വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ കൗശിക് ബസു അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനത്തിനു മുകളിലാണ്. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. രാജ്യത്തെ വിലക്കയറ്റത്തിന്റെ കാരണം ഇന്ത്യയ്ക്കും പുറത്തുള്ളതാണെങ്കിലും എന്നെ ദുഃഖിപ്പിക്കുന്നത് ദരിദ്രരെയും മധ്യവർഗത്തെയും സംരക്ഷിക്കാൻ വേണ്ട നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നതാണ്.

2009-12 കാലഘട്ടത്തിൽ പ്രധാമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു കൗശിക് ബസു. നിലവിൽ അമേരിക്കയിലെ കോണൽ സർവകലാശാലയിൽ സാമ്പത്തിക വിഭാഗം പ്രൊഫസറാണ്.

Summary: The rise in divisiveness and polarization is damaging the foundations of the nation's growth, says former World Bank chief economist Kaushik Basu

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News