നിർണായക നീക്കവുമായി ഡി.കെ ശിവകുമാർ: ബംഗളൂരുവിലേക്ക് എത്താൻ എം.എൽ.എമാർക്ക് നിർദേശം

രാഷ്ട്രീയകുതിരക്കച്ചവടം തടയാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചുകഴിഞ്ഞു

Update: 2023-05-13 05:48 GMT
Editor : rishad | By : Web Desk
കര്‍ണാടക കോണ്‍ഗ്രസ്- രാഹുല്‍ ഗാന്ധി
Advertising

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുമ്പോൾ കോൺഗ്രസ് മുന്നേറ്റമാണ് വ്യക്തമാകുന്നത്. ഒടുവിലത്തെ ലീഡ് നിലയനുസരിച്ച് കോൺഗ്രസ് കേവലഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു. 117 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ട്‌നിൽക്കുന്നത്. 224 അംഗ നിയമസഭയിൽ 113 അംഗളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം രാഷ്ട്രീയകുതിരക്കച്ചവടം തടയാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം നേരത്തെ ആരംഭിച്ചുകഴിഞ്ഞു.

ബംഗളൂരുവിലേക്ക് എത്താൻ കോൺഗ്രസ് എം.എൽ.എമാർക്ക് പാര്‍ട്ടി നിർദേശം നൽകിക്കഴിഞ്ഞു. ഇതിനായി വിമാനമുൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. എം.എല്‍.എമാരെ  സമീപിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തുടക്കത്തിലെ തടയുകയാണ് കോണ്‍ഗ്രസ്.

അതേസമയം വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് മുന്നേറ്റമായിരുന്നു. കോൺഗ്രസിനാണ് മേൽക്കൈ എങ്കിലും ലീഡ് നിലകൾ അടിക്കടിമാറുന്നുണ്ട്. ഒരു നേരത്ത് 130 സീറ്റുകളിൽ ലീഡ് നേടിയ കോൺഗ്രസ് ഇപ്പോൾ 117ലേക്ക് എത്തിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് 79 ഇടങ്ങളിലെ മുന്നേറ്റം നേടാനായുള്ളൂ. ജെ.ഡി.എസ് 28 ഇടങ്ങളിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിട്ടുനില്‍ക്കുന്നു. കർണാടകയിലെ ചിത്രം ക്ലൈമാക്‌സിലേക്ക് കടക്കുമ്പോൾ എന്തും സംഭവിക്കാമെന്നാണ് ഇപ്പോഴത്തെ ചിത്രം.

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് ലീഡ് എടുത്തെങ്കിലും ബി.ജെ.പിയും ഒപ്പമെത്തിയിരുന്നു. ഇരുവരും ഒരുമിച്ചാണ് മുന്നേറിയിരുന്നത്. ഒരുഘട്ടത്തിൽ കോൺഗ്രസ് ആദ്യം അർധസെഞ്ച്വറിയും പിന്നാലെ സെഞ്ച്വറിയും പിന്നിട്ടു. ഇലക്ട്രോണിക് മെഷീനിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോഴും ഇരു പാർട്ടികളുടെയും ലീഡ് നില ഒപ്പത്തിനൊപ്പമായിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News