തമിഴ്നാടിനെതിരായ പരാമർശം: പ്രധാനമന്ത്രിക്കെതിരെ തമിഴകത്ത് വ്യാപക പ്രതിഷേധം; മാപ്പ് പറയണമെന്ന് ആവശ്യം
പരാമർശങ്ങളെ അപലപിച്ച ഡിഎംകെ പ്രവർത്തകർ മോദിയുടെ പോസ്റ്ററുകൾ കീറുകയും കത്തിക്കുകയും ചെയ്തു.
ചെന്നൈ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം. ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറിയത്. പരാമർശങ്ങളെ അപലപിച്ച ഡിഎംകെ പ്രവർത്തകർ മോദിയുടെ പോസ്റ്ററുകൾ കീറുകയും കത്തിക്കുകയും ചെയ്തു.
പരാമർശത്തിനെതിരെ കോൺഗ്രസടക്കമുള്ള പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരസ്യമായി മാപ്പ് പറയണമെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവ പെരുന്തഗൈ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം മാപ്പ് പറഞ്ഞില്ലെങ്കിൽ ചെന്നൈയിലെ ബിജെപി ആസ്ഥാനം ഘരാവോ ചെയ്യുമെന്നും സെൽവ മുന്നറിയിപ്പ് നൽകി.
താനൊരു പ്രധാനമന്ത്രിയാണെന്ന കാര്യം മറന്ന് തമിഴ്നാട്ടിലെയും ഉത്തർപ്രദേശിലെയും ഒഡീഷയിലേയും ജനങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പ്രസംഗത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ പ്രസംഗത്തെ അപലപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, പുരി ജഗന്നാഥ ക്ഷേത്രത്തിലെ താക്കോലുമായി തമിഴ്‌നാടിനെ ബന്ധിപ്പിച്ച് മോദി തമിഴർക്ക് നാണക്കേട് വരുത്തിയെന്നും ചൂണ്ടിക്കാട്ടി.
നേരത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. വോട്ടിന് വേണ്ടി തമിഴരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും തമിഴർക്കെതിരായ ഇത്തരം പ്രസ്താവനകൾ മോദി അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. 'നഷ്‌ടമായ ഭണ്ഡാര താക്കോലുകളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം കോടിക്കണക്കിന് പേർ ആരാധിക്കുന്ന ഭഗവാൻ ജഗന്നാഥനെ അപമാനിക്കുന്നതിന് തുല്യമാണ്. ഒഡീഷയുമായി നല്ല ബന്ധവും സൗഹൃദവുമുള്ള തമിഴ്‌നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്'- സ്റ്റാലിൻ പറഞ്ഞു.
'ഒരു ക്ഷേത്രത്തിലെ നിധി മോഷ്ടിക്കുന്ന കള്ളന്മാരെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ ഇകഴ്ത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അത് തമിഴ്‌നാടിനെ അപമാനിക്കുന്നതിന് തുല്യമാണ്. എന്തിനാണ് തമിഴരോട് ഇത്രയും വെറുപ്പും വെറുപ്പും'- സ്റ്റാലിൻ ചോദിച്ചു. വോട്ടിനായി തമിഴ്‌നാടിനെയും തമിഴരെയും അപകീർത്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. മോദി വിദ്വേഷ പ്രസംഗങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ശത്രുതയും സംസ്ഥാനങ്ങൾക്കിടയിൽ രോഷവും സൃഷ്ടിക്കുകയാണെന്നും സ്റ്റാലിൻ തുറന്നടിച്ചു.
തിങ്കളാഴ്ച ഒഡീഷയിലെ നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിനെതിരെ ആക്ഷേപമുന്നയിച്ചായിരുന്നു പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെടുത്തി തമിഴ്നാടിനെതിരായ പ്രസ്താവനയും. പുരി ജഗന്നാഥ ക്ഷേത്രം പോലും ഈ സർക്കാരിൻ്റെ കൈകളിൽ സുരക്ഷിതമല്ലെന്നും കഴിഞ്ഞ ആറ് വർഷമായി ഭഗവാൻ ജഗന്നാഥൻ്റെ ഖജനാവിന്റെ താക്കോലുകൾ കാണാനില്ലെന്നും മോദി ആരോപിച്ചിരുന്നു.
കേസിൽ ബിജെഡിയുടെ പങ്ക് സംശയാസ്പദമാണെന്നും ഭണ്ഡാരത്തിന്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് പോയെന്നും മോദി ആരോപിച്ചു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അടുത്ത അനുയായിയും തമിഴ്‌നാട് സ്വദേശിയുമായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വി.കെ പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമർശം.
കൂടാതെ, ഒഡീഷയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.കെ പാണ്ഡ്യൻ്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി അമിത് ഷാ നടത്തിയ പ്രസ്താവനയും വിവാദമായി. “ഒരു തമിഴ് ബാബുവിന് ഒഡീഷയെ നയിക്കാൻ കഴിയുമോ?” എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.