തമിഴ്‌നാട് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം
വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷനിലെ എഗ്മൂർ വാർഡിൽ വിജയിച്ചു.
തമിഴ്‌നാട്ടിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം. ചെന്നൈ, കോയമ്പത്തൂർ, സേലം അടക്കമുള്ള 21 കോർപറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്പത്തൂർ അടക്കമുള്ള ജില്ലകളിൽ വൻമുന്നേറ്റമാണ് പാർട്ടിക്കുണ്ടായത്. ബി.ജെ.പിക്കും കമൽഹാസന്റെ പാർട്ടിക്കും നേട്ടമുണ്ടാക്കാനായില്ല.
വൈകീട്ട് 3.30 വരെയുള്ള റിപ്പോർട്ട് പ്രകാരം വിജയ് മക്കൾ ഇയക്കത്തിന് പുതുക്കോട്ടൈ മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റ് ലഭിച്ചു. മുസ്‌ലിം ലീഗ് 29 സീറ്റുകൾ നേടി. വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷനിലെ എഗ്മൂർ വാർഡിൽ വിജയിച്ചു. സി.പി.എം 33 സീറ്റിലും കോൺഗ്രസ് 29 സീറ്റിലും വിജയിച്ചു. തനിച്ച് മത്സരിച്ച എസ്.ഡി.പി.ഐ 26 സീറ്റുകളിൽ വിജയിച്ചു.