ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000; നവജാതശിശുക്കളെ വാങ്ങി വിൽപ്പന, ഡോക്ടറും സഹായിയും അറസ്റ്റിൽ
ഏഴു കുഞ്ഞുങ്ങളെ കൈമാറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതമൊഴിയെന്ന് പൊലീസ് പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക് നവജാതശിശുക്കളെ വിറ്റതിന് സർക്കാർ ആശുപത്രി ഡോക്ടറും ബ്രോക്കറും അറസ്റ്റിൽ. നാമക്കൽ ജില്ലയിലെ തിരുച്ചെങ്ങോട് സ്വദേശിയായ ഗൈനക്കോളജിസ്റ്റ് ഡോ. ഇ അനുരാധ, ബ്രോക്കർ സാണർപാളയം സ്വദേശി ടി. ലോകമ്മാൾ എന്നിവരെയാണ് തിരുച്ചെങ്ങോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000 രൂപ നിരക്കിൽ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയാണ് ഇവരുടെ പതിവ്. തിരുച്ചെങ്ങോട് സർക്കാർ ആശുപത്രിയിൽ എത്തുന്ന പാവങ്ങളെയാണ് അനുരാധ ലക്ഷ്യമിട്ടത്. ഏഴു കുഞ്ഞുങ്ങളെ കൈമാറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതമൊഴിയെന്ന് പൊലീസ് പറഞ്ഞു.
രണ്ടു കുട്ടികളുളള അമ്മമാരുടെ അടുത്തേക്ക് അനുരാധ സഹായിയായ ലോകമ്മാളിനെ അയക്കും. ഇത്തരത്തിൽ കുഞ്ഞിനെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ച ദമ്പതികളുടെ പരാതിയിലാണ് ഇരുവരും പിടിയിലായത്. നവജാതശിശുവിന് സുഖമില്ലാതായത്തോടെ ഒക്ടോബർ 12ന് ആശുപത്രിയിലെത്തിയ ദിനേശ്- നാഗജ്യോതി ദമ്പതികളെ സമീപിച്ച ലോകമ്മാൾ രണ്ടു ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ സംശയം തോന്നിയ ദമ്പതികൾ ജില്ലാ കലക്ടർക്കും എസ്.പിക്കും പരാതി നൽകുകയായിരുന്നു.
പ്രതികൾ അവയവ കടത്തിലും ഏർപ്പെട്ടതായും തിരുച്ചിറപ്പല്ലി തിരുനെവേലി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലെ ചിലരുടെ സഹായം കിട്ടിയെന്നും സൂചനയുണ്ട്. അനുരാധയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും സംസ്ഥാന വ്യാപക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.