അത്യപൂർവങ്ങളിൽ അപൂർവം: റാഞ്ചിയിൽ നവജാതശിശുവിന്റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ
കുഞ്ഞിന് സിടി സ്‌കാൻ നടത്തിയെങ്കിലും വയറ്റിൽ ട്യൂമറുണ്ടെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ
റാഞ്ചി: റാഞ്ചിയിൽ നവജാതശിശുവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കിയത് എട്ട് ഭ്രൂണങ്ങൾ. രാഗാർഗ് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന്റെ വയറ്റിൽ നിന്നാണ് 21ാം ദിവസം ഡോക്ടർമാർ ഭ്രൂണങ്ങൾ നീക്കിയത്.
ഒക്ടോബർ 10ന് ജനിച്ച കുഞ്ഞ് ജനനം മുതലേ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന് സിടി സ്‌കാൻ നടത്തിയെങ്കിലും വയറ്റിൽ ട്യൂമറുണ്ടെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ. പിന്നീട് റാഞ്ചിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ഫീറ്റസ് ഇൻ ഫീറ്റു എന്ന അവസ്ഥയാണെന്ന് തിരിച്ചറിയുന്നത്. ശരീരത്തിലുള്ള കോശങ്ങൾ കൂടിച്ചേർന്ന് മറ്റൊരു ഭ്രൂണത്തിൽ കയറിപ്പറ്റുന്ന അവസ്ഥയാണിത്.
പത്ത് ലക്ഷത്തിൽ ഒന്നെന്ന രീതിയിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന കേസ് ഇതുവരെ പത്ത് തവണ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയ കേസ് ലോകത്തെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.