''ആ പണം പാവങ്ങള്‍ക്ക്''; സുരക്ഷാ സന്നാഹങ്ങള്‍ വെട്ടിച്ചുരുക്കി പഞ്ചാബ് മുഖ്യമന്ത്രി
തന്നെ ആര് കൊല്ലാനാണ് എന്ന് ചരണ്‍ജീത് സിങ്
പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരണ്‍ജീത് സിങ് ചന്നി അതീവ സുരക്ഷാസംവിധാനങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണിപ്പോള്‍. ഇത്രയും വലിയ സുരക്ഷാ സംവിധാനങ്ങള്‍ തനിക്ക് വേണ്ടെന്ന് പറയുകയാണ് അദ്ദേഹം.
'ഒരു വി.ഐ.പി ആയത് കൊണ്ട് എന്താണ് ഗുണം? മുഖ്യമന്ത്രിയായതിനെ ചൊല്ലി സ്വയം പഴിക്കുകയാണ് ഞാനിപ്പോള്‍. വലിയൊരു വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോഴും എന്നെ അനുഗമിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. ആരാണ് എന്നെ കൊല്ലുക? എന്നെ കൊന്നിട്ട് ഒരാള്‍ക്ക് എന്ത് ലഭിക്കാനാണ്? എന്റെ സുരക്ഷയ്ക്കായി 1000 പോലീസും 200 വാഹനങ്ങളുമാണ്. ചില വാഹനങ്ങൾക്ക് ഒരു മുറിയോളം വലുപ്പമുണ്ട്. രണ്ട് കോടിയോളം വിലവരുമതിന്. ഈ പണമൊക്കെ പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍ അവര്‍ക്കത് ഉപകാരപ്പെടുമായിരുന്നു. ഇത്രയും വലിയ സുരക്ഷ എനിക്ക് ആവശ്യമില്ല.' ചരണ്‍ജീത്ത് പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ചരണ്‍ ജീത് സിങ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.10 പോലീസുകാര്‍ മാത്രം തന്‍റെ കൂടെ മതിയെന്നാണ് അദ്ദേഹത്തിന്‍റെ നിര്‍ദേശം.