'സ്വതന്ത്ര തമിഴ്‌നാട് ആവശ്യപ്പെടാൻ ഞങ്ങളെ പ്രേരിപ്പിക്കരുത്'; കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഡിഎംകെ നേതാവ് എ. രാജ
എ. രാജയുടെ പ്രസംഗത്തിനെതിരെ ബി.ജെ.പി വിമർശനവുമായി രംഗത്തെത്തി. നഗ്നമായ ഭിന്നിപ്പിക്കൽ നിലപാടാണ് എ. രാജയുടെ പ്രസംഗത്തിലൂടെ ഡി.എം.കെ പ്രഖ്യാപിച്ചതെന്ന് ബി.ജെ.പി തമിഴ്‌നാട് വൈസ് പ്രസിഡന്റ് നാരായൺ തിരുപതി പറഞ്ഞു.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും മുന്നറിയിപ്പുമായി ഡിഎംകെ നേതാവ് എ. രാജ. തമിഴ്‌നാടിന് 'സ്വയംഭരണം' നൽകിയില്ലെങ്കിൽ സ്വതന്ത്ര രാജ്യം ആവശ്യപ്പെടാൻ തങ്ങൾ നിർബന്ധിതരാവുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ഡി.എം.കെ സംഘടിപ്പിച്ച ക്യാമ്പിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു രാജയുടെ പരാമർശം.
ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രതീകമായ പെരിയാർ സ്വതന്ത്ര തമിഴ്‌നാടിന് വേണ്ടിയാണ് നിലകൊണ്ടത്. ഡി.എം.കെ അതിൽനിന്ന് പിന്നോട്ടു പോവുകയായിരുന്നു. പെരിയാറിനെ അംഗീകരിച്ചെങ്കിലും അഖണ്ഡതയേയും ജനാധിപത്യത്തെയും പിന്തുണച്ചു. പാർട്ടി ഇപ്പോഴും ആ ലൈനിൽ ഉറച്ചുനിൽക്കുകയാണെന്നും എ. രാജ പറഞ്ഞു.
''പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും വേദിയിലുള്ള ഞങ്ങളുടെ നേതാക്കളെ സാക്ഷിനിർത്തി വളരെ വിനയത്തോടെ ഞാൻ പറയുകയാണ്, നമ്മുടെ മുഖ്യമന്ത്രി അണ്ണായുടെ (തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപകനുമായ സി.എൻ അണ്ണാദുരൈ) മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഞങ്ങളെ പെരിയാറിന്റെ വഴിയിലേക്ക് തള്ളിവിടരുത്. പ്രത്യേക രാജ്യം ആവശ്യപ്പെടാൻ ഞങ്ങളെ പ്രേരിപ്പിക്കരുത്, സംസ്ഥാനത്തിന് സ്വയംഭരണം നൽകുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല''- എ. രാജ പറഞ്ഞു.
എ. രാജയുടെ പ്രസംഗത്തിനെതിരെ ബി.ജെ.പി വിമർശനവുമായി രംഗത്തെത്തി. നഗ്നമായ ഭിന്നിപ്പിക്കൽ നിലപാടാണ് എ. രാജയുടെ പ്രസംഗത്തിലൂടെ ഡി.എം.കെ പ്രഖ്യാപിച്ചതെന്ന് ബി.ജെ.പി തമിഴ്‌നാട് വൈസ് പ്രസിഡന്റ് നാരായൺ തിരുപതി പറഞ്ഞു. ഇതെല്ലാം കേട്ട് മുഖ്യമന്ത്രി സ്റ്റാലിൻ മിണ്ടാതിരുന്നതാണ് തന്നെ ഞെട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജയെ പിന്തുണക്കുന്ന നിലപാടാണ് ഡി.എം.കെ നേതൃത്വം സ്വീകരിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തെയും ജനാധിപത്യത്തെയും അംഗീകരിച്ചുകൊണ്ട് അണ്ണായുടെ വഴിയിലാണ് പാർട്ടി സഞ്ചരിക്കുന്നതെന്ന് രാജ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡി.എം.കെ വക്താവ് കൺസ്റ്റന്റൈൻ രവീന്ദ്രൻ പറഞ്ഞു.
വികസന കാര്യങ്ങളിൽ ഭരണഘടന അനുശാസിക്കുന്ന തരത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് രാജ ഉദ്ദേശിച്ചത്. നിയമസഭ പാസാക്കിയ നിരവധി ഫയലുകളാണ് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകാതെ മടക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്നത് കേന്ദ്രസർക്കാറിന്റെ അജണ്ടയാണ്. ഇതിനെതിരെയാണ് രാജ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.