'ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒന്നിനെയും പിന്തുണക്കില്ല'; യോഗി സർക്കാറിനെ വിമർശിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

കാവഡ് യാത്ര കടന്നുപോകുന്ന വഴികളില്‍ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദേശത്തെ വിമര്‍ശിച്ച് ബി.ജെ.പി സഖ്യകക്ഷികളായ ജെഡിയുവും ആർഎൽഡിയും രംഗത്തെത്തിയിരുന്നു

Update: 2024-07-20 10:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള ഭക്ഷണശാലകൾ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് സർക്കാറിന്റെ നിർദേശത്തെ വിമർശിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ ലോക്ജനശക്തി പാർട്ടി( എൽ.ജെ.പി) നേതാവുമായ ചിരാഗ് പാസ്വാൻ. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒന്നിനെയും താൻ പിന്തുണയ്ക്കുന്നില്ലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. യു.പി സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'സമൂഹത്തിൽ സമ്പന്നരും ദരിദ്രരും എന്നിങ്ങനെ രണ്ട് തരം ആളുകൾ മാത്രമേയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ രണ്ട് ജനവിഭാഗങ്ങൾക്കിടയിലുള്ള വിടവ് നാം നികത്തേണ്ടതുണ്ട്. ദലിതർ, പിന്നാക്കക്കാർ, ഉയർന്ന ജാതിക്കാർ, മുസ്‍ലിംകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. എല്ലാവരും അവിടെയുണ്ട്. അവർക്ക് വേണ്ടി നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്'. അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

'ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഭിന്നതകൾ സൃഷ്ടിക്കുന്നതിന് താൻ എതിരാണ്.ഒരിക്കലും അതിനെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ജാതിയോ മതമോ നോക്കാതെ, എന്റെ പ്രായത്തിലുള്ള വിദ്യാസമ്പന്നരായ ഒരു ചെറുപ്പക്കാരനെയും ഇത്തരം കാര്യങ്ങൾ ബാധിച്ചതായി ഞാൻ കരുതുന്നില്ല'..അദ്ദേഹം പറഞ്ഞു. 

നേരത്തെ ബി.ജെ.പി സഖ്യകക്ഷികളായ ജെഡിയുവും ആർഎൽഡിയും കാവഡ് യാത്ര കടന്നുപോകുന്ന വഴിയിലുള്ള കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനുള്ള സർക്കാറിന്റെ നിർദേശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി കക്ഷിയായ എൽ.ജി.പിയും യോഗി സർക്കാറിനെതിരെ രംഗത്തെത്തിയത്. ഈ നടപടി വിവേചനപരവും മുസ്‍ലിം സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നുമുള്ള വിമർശം വ്യാപകമായി ഉയർന്നുകഴിഞ്ഞു.

യുപിയിലേതിനേക്കാൾ വലിയ കാവഡ് യാത്ര ബിഹാറിൽ നടന്നിട്ടുണ്ടെന്നും എന്നാൽ അങ്ങനെയൊരു ഉത്തരവൊന്നും അവിടെ പ്രാബല്യത്തിൽ വന്നില്ലെന്നും ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. ഈ ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News