'ആരാ എന്‍റെ ദോശ തിന്നത്?' കോണ്‍ഗ്രസ് അയച്ച 10 മസാലദോശ കിട്ടിയില്ലെന്ന് തേജസ്വി സൂര്യ

ദോശയുടെ കാര്യത്തിലും കോണ്‍ഗ്രസ് തട്ടിപ്പ് നടത്തിയെന്ന് ബംഗളൂരു എംപി

Update: 2022-09-13 04:27 GMT
Advertising

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ യുദ്ധമാണ്. ഏറ്റവും ഒടുവിലായി ദോശയെ ചൊല്ലിയാണ് വാക്പോര്. തനിക്ക് കോണ്‍ഗ്രസ് അയച്ചെന്ന് പറയുന്ന 10 മസാലദോശ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കിട്ടിയില്ലെന്നാണ് ബംഗളൂരു എംപി തേജസ്വി സൂര്യയുടെ പരാതി.

സംഭവത്തിന്‍റെ തുടക്കം ഇങ്ങനെയാണ്- നഗരം പ്രളയത്തില്‍ മുങ്ങിയിരിക്കെ ബംഗളൂരു എംപി മസാലദോശ ആസ്വദിച്ച് കഴിക്കുകയും ആ ഹോട്ടല്‍ സന്ദര്‍ശിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഉടന്‍തന്നെ എംപിക്ക് 10 മസാലദോശ അയച്ച് പ്രതിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു. ഡെലിവറി ആപ്പായ ഡണ്‍സോ വഴിയാണ് ദോശ അയച്ചത്.

24 മണിക്കൂര്‍ കഴിഞ്ഞിട്ടും ദോശ കിട്ടിയില്ലെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു- "ഇവിടെയും ഇവർ തട്ടിപ്പ് നടത്തി. അവർക്ക് ഒരു ദോശ ശരിയായി വിതരണം ചെയ്യാൻ കഴിയുന്നില്ല. എന്നിട്ട് നല്ല ഭരണം കാഴ്ചവെയ്ക്കുമെന്ന് അവർ സ്വപ്നം കാണുന്നു!"

ഇത് സംസ്ഥാനത്തെ അഴിമതിയുടെ സൂചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു. തേജേഷ് കുമാർ ട്വീറ്റ് ചെയ്തതിങ്ങനെ- "പ്രിയപ്പെട്ട തേജസ്വി സൂര്യ, നിങ്ങളുടെ ഓഫീസ് വിലാസത്തിലേക്ക് ദോശകൾ അയച്ചിട്ടുണ്ട്. തെളിവ് ഇതോടൊപ്പം ചേര്‍ക്കുന്നു. സർക്കാരില്‍ 40 ശതമാനം അഴിമതിയുണ്ടെന്ന് അറിയാം. എന്നാല്‍ നിങ്ങളുടെ ഓഫീസില്‍ 100 ശതമാനം അഴിമതിയാണെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലായി. നിങ്ങളുടെ ഓഫീസിലെ ആരെങ്കിലും ആ ദോശകള്‍ കഴിച്ചിട്ടുണ്ടാവും"

ഡണ്‍സോയുടെ ഡെലിവറി ബോയ് തേജസ്വി സൂര്യയുടെ വീടിന് സമീപം ദോശയുമായി എത്തിയിരുന്നുവെന്നും എന്നാല്‍ പൊലീസ് തിരിച്ചയച്ചുവെന്നുമാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് തേജസ്വി സൂര്യ പറഞ്ഞു- "ബംഗളൂരു മുഴുവൻ വെള്ളപ്പൊക്കത്തിലാണെന്ന തെറ്റായ ധാരണയാണ് കോൺഗ്രസും നിക്ഷിപ്ത താൽപ്പര്യമുള്ള ഒരു വിഭാഗം ആളുകളും നൽകുന്നത്. എന്നാല്‍ അങ്ങനെയല്ല. ബെല്ലന്തൂരിലെ അഞ്ച് ശതമാനം പ്രദേശത്തെ മാത്രമാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇത് നമ്മുടെ സർക്കാരിനെയും ബെംഗളൂരുവിനെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ്".



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News