തെരഞ്ഞെടുപ്പ് മോഷ്ടിക്കുന്നവർ ചുറ്റുമുണ്ട്, ഇത്തവണ കൊള്ളയടിക്കപ്പെടില്ല; ബി.ജെ.പിക്കെതിരെ വിമർശനവുമായി പി. ചിദംബരം
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവലഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും ചിദംബരം പറഞ്ഞു
ഗോവ നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടു ദിവസം ബാക്കി നിൽക്കേ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലെ ദുരനുഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. 2017 ൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിട്ടും സർക്കാർ രൂപീകരുക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് ഇത്തവണ ചില മുൻകരുതലുകൾ സ്വീകരിച്ചതായി ചിദംബരം എൻ.ഡി ടി വിയോട് പറഞ്ഞു.
'തെരഞ്ഞെടുപ്പ് മോഷ്ടിക്കുന്ന പാർട്ടി ഇപ്പോഴും ചുറ്റും ഉണ്ട്. ആർക്കാണ് തെരഞ്ഞെടുപ്പ് മോഷ്ടിക്കാൻ കഴിയുകയെന്ന് ഞങ്ങൾക്കറിയാം എന്നാൽ ഇത്തവണ കൊള്ളയടിക്കാൻ കഴിയില്ല'- ചിദംബരം പറഞ്ഞു.
2017ലെ തിരഞ്ഞെടുപ്പിൽ ഗോവയിലെ 40ൽ 17 സീറ്റും കോൺഗ്രസ് നേടിയെങ്കിലും 13 സീറ്റുകൾ നേടിയ ബിജെപി ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. തുടർന്ന് രണ്ട് വർഷത്തിന് ശേഷം, 15 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് മാറിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവലഭൂരിപക്ഷം ലഭിക്കുമെന്നും ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു.
എന്നാൽ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെത്തുടർന്ന് അധികാരത്തിനായുള്ള മത്സരം മുറുകുമ്പോൾ കോൺഗ്രസ് നേതാക്കളെ റിസോർട്ടിലേക്ക് മാറ്റിയതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ അദ്ദേഹം, അത് അതിശയോക്തി കലർന്ന കഥകളാണെന്ന് പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ ജന്മദിനാഘോഷത്തിന് എല്ലാ സ്ഥാനാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അവരെല്ലാം എത്തിച്ചേരുമ്പോൾ കാണാമെന്നും ചിദംബരം അവകാശപ്പെട്ടു.