എല്ലാവരോടും വലിയ സ്നേഹമായിരുന്നു അവന്; കോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റിന്‍റെ പിതാവ്
വിങ് കമാന്‍ഡര്‍ ആയിരുന്ന പി.എസ് ചൗഹാനായിരുന്നു Mi-17 V5ന്‍റെ പൈലറ്റ്
മകന്‍റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല സുശീല ചൗഹാന്. ആഗ്രയിലെ വീട്ടിലിരുന്ന് ചൊവ്വാഴ്ച രാത്രി മകന്‍ വിളിച്ചതിന്‍റെ ഓര്‍മയിലാണ് കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൃഥ്വിരാജ് സിങ് ചൗഹാന്‍റെ മാതാവ്. വിങ് കമാന്‍ഡര്‍ ആയിരുന്ന പി.എസ് ചൗഹാനായിരുന്നു Mi-17 V5ന്‍റെ പൈലറ്റ്.
ചൊവ്വാഴ്ച രാത്രി മകന്‍ വിളിക്കുമ്പോള്‍ കുടുംബം ഒരിക്കലും ഓര്‍ത്തില്ല അത് പൃഥ്വിയുടെ അവസാന ഫോണ്‍ കോള്‍ ആയിരിക്കുമെന്ന്. മണിക്കൂറുകള്‍ക്ക് ശേഷം പൃഥ്വിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തുകയും ചെയ്തു. ''ടിവി ഓണാക്കിയെങ്കിലും ഞാന്‍ ഉറങ്ങിപ്പോയിരുന്നു. പിന്നീട് മകന്‍റെ ഭാര്യാപിതാവ് വിളിച്ച് വിവരം പറയുമ്പോഴാണ് അറിയുന്നത്'' സുശീല ചൗഹാന്‍ പറഞ്ഞു.
അഞ്ച് മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു ചൗഹാന്‍. സഹോദരിമാരുടെ പ്രിയപ്പെട്ട അനിയന്‍. രക്ഷാബന്ധന്‍ ഉത്സവത്തിനാണ് പൃഥ്വിയെ അവസാനമായി കണ്ടതെന്ന് സഹോദരി മിനാ സിങ് പറഞ്ഞു. ''സഹോദരിമാരെ വലിയ ഇഷ്ടമായിരുന്നു അവന്. ഞങ്ങള്‍ എന്താവശ്യപ്പെട്ടാലും അതു നല്‍കാന്‍ ശ്രമിക്കുമായിരുന്നു'' മിന കണ്ണീരോടെ പറയുന്നു. പിതാവ് സുരേന്ദ്ര സിംഗ് ചൗഹാന്‍ ടിവിയില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് മകന്‍റെ മരണവാര്‍ത്ത അറിയുന്നത്. ഇപ്പോഴും അതിന്‍റെ ഞെട്ടലിലാണ് അദ്ദേഹം.''പൃഥ്വിക്ക് എല്ലാവരോടും സ്നേഹമായിരുന്നു'' സുരേന്ദ്ര സിംഗ് പറഞ്ഞു. ചൗഹാന്‍റെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അമ്മാവൻ യശ്പാൽ സിംഗ് ചൗഹാൻ പറഞ്ഞു.
മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിൽ നിന്ന് പാസായ ശേഷം 2000ൽ ആണ് ചൗഹാന്‍ വ്യോമസേനയിൽ ചേരുന്നത്. സമര്‍ത്ഥനായ പൈലറ്റായിരുന്നു ചൗഹാന്‍. ഭാര്യയും 12ഉം 9ഉം വയസുള്ള രണ്ടു മക്കളുമാണ് ചൗഹാനുള്ളത്.