തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പന്നീർശെൽവം അടക്കമുള്ള എഐഎഡിഎംകെ എംഎൽഎമാർ അറസ്റ്റിൽ
ജയലളിത സർവകലാശാലയെ അണ്ണാമലൈയിൽ ലയിപ്പിച്ചുകൊണ്ടുള്ള പുതിയ ബില്ലിനെതിരെ, ബജറ്റ് സമ്മേളനം നടക്കുന്ന കലൈവനാർ അരംഗത്തിനു പുറത്ത് പ്രതിഷേധിച്ച എഐഡിഎംകെ എംഎൽഎമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പന്നീർശെൽവം അടക്കമുള്ള എഐഎഡിഎംകെ എംഎൽഎമാർ അറസ്റ്റിൽ. ഡോ. ജയലളിത സർവകലാശാലയെ അണ്ണാമലൈ സർവകലാശാലയില്‍ ലയിപ്പിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനം നടക്കുന്ന കലൈവനാർ അരംഗത്തിനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് നടപടി.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയാണ് തമിഴ്‌നാട് സർവകലാശാല നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. 2013ലെ അണ്ണാമലൈ സർവകലാശാല നിയമം, 1981ലെ ഭാരതിയാർ സർവകലാശാല നിയമം എന്നിവ ഭേദഗതി ചെയ്യുകയും 2021ലെ ഡോ. ജെ ജയലളിത സർവകലാശാല നിയമം റദ്ദാക്കുകയും ചെയ്തുകൊണ്ടുള്ള ബില്ലായിരുന്നു ഇത്. ജയലളിത സർവകലാശാലയെ അണ്ണാമല സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് സ്ഥാപനമാക്കുകയും ചെയ്തു.
എന്നാൽ, എഐഎഡിഎംകെ എംഎൽഎമാർ ബില്ലിൽ പ്രതിഷേധമുയർത്തി. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അൻപഴകനും പ്രതിപക്ഷ ഉപനേതാവ് ഒ പന്നീർശെൽവവുമാണ് ആദ്യമായി എതിർപ്പുമായി രംഗത്തെത്തിയത്. വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചർച്ചയ്‌ക്കെടുക്കാമെന്നും പ്രതിഷേധത്തിൽ ഇടപെട്ട് സ്പീക്കർ അപ്പാവു വ്യക്തമാക്കി. ബില്ലിനുമേലുള്ള ചർച്ചയിൽ ഓരോരുത്തർക്കും തങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും രേഖപ്പെടുത്താമെന്നും സ്പീക്കർ അറിയിച്ചെങ്കിലും എഐഡിഎംകെ അംഗങ്ങൾ അടങ്ങിയില്ല.
തുടർന്ന് വാക്കൗട്ട് നടത്തിയ എംഎല്‍എമാര്‍ വല്ലജ റോഡിലുള്ള കലൈവനാർ അരംഗം ഓഡിറ്റോറിയത്തിനു പുറത്ത് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പ്രതിഷേധം കാൽമണിക്കൂറിലേറെ നീണ്ടതോടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.