'ഞാന്‍ ബാറ്റ്സ്മാനായപ്പോള്‍ എന്‍റെ ഉമര്‍ വിക്കറ്റ് കീപ്പറായിരുന്നു'; വികാരനിര്‍ഭര ഫോട്ടോ പങ്കുവെച്ച് ഉമര്‍ ഖാലിദിന്‍റെ പിതാവ്
ദല്‍ഹി അതിക്രമവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബര്‍ 14നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്
യു.എ.പി.എ ചുമത്തി പത്ത് മാസമായി തിഹാര്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിനോടൊത്തുള്ള ഓര്‍മ്മ പങ്കുവെച്ച് പിതാവും ബാബരി മസ്ജിദ് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനറും വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ ഡോ.എസ്.ക്യൂ.ആർ. ഇല്യാസ്. 'ഓരോ മിനുറ്റിലും മണിക്കുറിലും- 300 ദിവസങ്ങളാണ് ഉമറില്‍ നിന്നും അവര്‍ കവര്‍ന്നെടുത്തത്. ഓരോ നിമിഷവും അവനെ ഞങ്ങള്‍ ഓര്‍മ്മിക്കും, ഓരോ സമയവും അവന്‍റെ സ്വപ്നങ്ങളെ കുറിച്ച് ഞങ്ങള്‍ സംസാരിക്കും. ഒരു ദിവസം നാം വീണ്ടെടുക്കും. #UmarKoRihaKaro എന്ന ഹാഷ്‍ടാഗില്‍ നമുക്ക് ട്വിറ്ററില്‍ പ്രകമ്പനം തീര്‍ക്കാം', എന്നാണ് ഉമറിന്‍റെ പിതാവ് എസ്.ക്യൂ.ആര്‍ ഇല്യാസ് ട്വീറ്ററില്‍ കുറിച്ചത്. ഇന്ന് അഞ്ച് മണി മുതല്‍ ട്വിറ്റര്‍ ക്യാമ്പയിനും അദ്ദേഹം ആഹ്വാനം ചെയ്തു.
'ഞാന്‍ ബാറ്റ്സ്മാനായപ്പോള്‍ എന്‍റെ ഉമര്‍ വിക്കറ്റ് കീപ്പറായിരുന്നു' എന്ന വികാരനിര്‍ഭര ഫോട്ടോയും ഉമര്‍ ഖാലിദിന്‍റെ പിതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. പത്ത് മാസത്തിലധികമായി ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍ തടവിലാണ്.
ദല്‍ഹി അതിക്രമവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബര്‍ 14നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഏപ്രില്‍ 15ന് സെഷന്‍സ് കോടതി അദ്ദേഹത്തിന് ഒരു കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ ചുമത്തിയ കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനായില്ല. നവംബർ 22 ന് 200 പേജുള്ള ചാർജ് ഷീറ്റാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ ഡല്‍ഹി പോലീസ് ഫയൽ ചെയ്തത്. ജയിലില്‍ കഴിയവെ ഉമര്‍ ഖാലിദിന് കോവിഡ് ബാധിച്ചിരുന്നു. ഇരുപത് ദിവസത്തിന് ശേഷമാണ് ഉമര്‍ രോഗമുക്തനായത്.