റോഡില്‍ പാതാളം പോലൊരു കുഴി; അത്ഭുതകരമായി രക്ഷപ്പെട്ട് കാര്‍ ഡ്രൈവര്‍,ഞെട്ടിപ്പിക്കുന്ന വീഡിയോ
ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ലഖ്‌നോവിൽ ബൽറാംപൂർ ആശുപത്രിക്ക് സമീപം രാവിലെ 8.30ഓടെയാണ് സംഭവം
ലഖ്നോ: കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനമോടിക്കുക എന്നത് ഏതൊരു ഡ്രൈവറെ സംബന്ധിച്ചിടത്തോളം ഒരു അഭ്യാസമാണ്. കുഴിയില്‍ വീഴാതെ വണ്ടിയോടിക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യവും. തിരക്കേറിയ നിരത്തിലെ ഭീമന്‍ ഗര്‍ത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ഡ്രൈവറുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ലഖ്‌നോവിൽ ബൽറാംപൂർ ആശുപത്രിക്ക് സമീപം രാവിലെ 8.30ഓടെയാണ് സംഭവം. ലഖ്‌നൗവിലെ ക്രിസ്ത്യൻ കോളേജിന് സമീപത്ത് നിന്ന് കാർ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിന്‍റെ നടുവില്‍ രൂപപ്പെട്ട കുഴിയിലേക്ക് കാര്‍ ചെരിയുന്നതാണ് വീഡിയോയിലുള്ളത്. കാറിന്‍റെ മുൻഭാഗം വലിയ ഗർത്തത്തിലേക്ക് ചെരിഞ്ഞെങ്കിലും കാർ പൂർണമായി വീഴാത്തതിനാൽ ഡ്രൈവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആളുകൾ കാറിന് സമീപം തടിച്ചുകൂടിയിരിക്കുന്നതും വീഡിയോയില്‍ കാണാം.
ആശുപത്രിക്ക് സമീപം റോഡ് തകർന്ന വിവരം അറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി. കഴിഞ്ഞ മൂന്ന് നാല് ദിവസമായി പെയ്യുന്ന തുടർച്ചയായ മഴ കാരണമാണ് റോഡ് തകര്‍ന്നതെന്നും അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ലഖ്‌നോ മുനിസിപ്പൽ കോർപ്പറേഷന്റെ (എൽഎംസി) അധികാരപരിധിയിൽ വരുന്ന ഈ റോഡ് മൂന്ന് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ തകർന്നിരുന്നു.