ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് വർണാഭമാക്കാൻ കേന്ദ്രം
ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും
ഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് അധികാരമേൽക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലി കൊടുക്കും. സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും ഡൽഹിയിൽ പൂർത്തിയായി.
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ടപതിയെന്ന ഖ്യാതി കൂടി ദ്രൗപദി മുർമുവിന്റെ പേരിനൊപ്പം ഇന്ന് രാവിലെ 10.14 ന് എഴുതി ചേർക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനിൽ പാർലമെന്റിലേക്ക് എത്തിച്ചേരുന്ന ദ്രൗപദി മുർമു പാർലമെന്റിലെ സെൻട്രൽ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിക്കുന്നത്.
രാഷ്ട്രപതിയാകുന്നതോടെ ദ്രൗപദി മുർമുവിനുള്ള ആദ്യ ഗാർഡ് ഓഫ് ഓണർ പാർലമെന്റിനു മുന്നിലായിരിക്കും. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് 64 ശതമാനം പിന്തുണ ഈ 64 കാരി നേടിയത്. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് രാജ്യത്തിന്റെ അമരക്കാരിയാകുന്നത്.
ആദിവാസി വിരുദ്ധമായ ബി.ജെ.പി സർക്കാരിന്റെ ബിൽ തിരിച്ചയച്ച ജാർഖണ്ഡ് ഗവർണറാണ് ദ്രൗപദി മുർമു. ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തിനു നൽകിയ സംഭാവനകൾ ഓർത്തെടുത്തു പറയുകയും അദ്ദേഹത്തെ പഴിക്കുന്നവരെ തിരുത്തുകയും ചെയ്തതാണ് ഇതേവരെയുള്ള നിലപാട്. ദ്രൗപദി മുർമുവിൽ രാജ്യം നാഥയെ കണ്ടെത്തിയത് ഇത്തരം മൂല്യങ്ങൾ കൂടി തിരിച്ചറിഞ്ഞാണ്