വിമാനത്തില്‍ മദ്യപിച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരന്‍ അറസ്റ്റില്‍

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രക്കാരെയും ശല്യം ചെയ്തെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ അസിസ്റ്റന്‍റ് സെക്യൂരിറ്റി മാനേജര്‍

Update: 2023-05-15 09:34 GMT
Advertising

അമൃത്‌സർ: വിമാനത്തില്‍ മദ്യപിച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. ദുബൈ - അമൃത്‌സർ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ജലന്ധര്‍ സ്വദേശിയായ രജിന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്.

ദുബൈയില്‍ നിന്ന് വിമാനത്തിൽ കയറിയ ഉടൻ രജിന്ദര്‍ മദ്യപിക്കാൻ തുടങ്ങിയെന്ന് വിമാനത്തിലെ ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു.

തുടർന്ന് വിമാനത്തിലെ ജീവനക്കാര്‍ വിവരം അമൃത്‌സർ കൺട്രോൾ റൂമിൽ അറിയിക്കുകയും വിമാന കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രക്കാരെയും ശല്യം ചെയ്തെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ അസിസ്റ്റന്‍റ് സെക്യൂരിറ്റി മാനേജര്‍ അജയ് കുമാര്‍ പറഞ്ഞു.

പുലര്‍ച്ചെ 3.30ന് വിമാനം അമൃത്സറില്‍ എത്തിയപ്പോഴാണ് രജിന്ദറിനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 354, 509 വകുപ്പ് പ്രകാരമാണ് രജിന്ദറിനെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍‌ വിട്ടു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും യാത്രക്കാരന് ശിക്ഷ ഉറപ്പാക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. 

Summary- A passenger on an IndiGo flight from Dubai was arrested for allegedly harassing a woman crew member and creating a ruckus onboard after he arrived at Amritsar’s Sri Guru Ram Dass Jee International Airport Monday morning

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News