മദ്യപിച്ചെത്തിയതിനാൽ കോളജിൽ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നു
ജയ് കിഷോറിന്റെ നെഞ്ചിൽ നിരവധി തവണ കുത്തിയശേഷം ഭാർഗവ് ഓടി രക്ഷപെടുകയായിരുന്നു
ബംഗളൂരു: കോളജിൽ മദ്യപിച്ചെത്തിയ വിദ്യാർഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ബംഗളൂരുവിലെ കെംപപുരയിലുള്ള സിന്ധി കോളജിൽ ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ ജയ് കിഷോർ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാർഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കോളജിലെ അവസാന വർഷ ബിഎ വിദ്യാർഥിയാണ് ഭാർഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോർ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാൻ വിദ്യാർഥികൾക്ക് അനുവാദമില്ലെന്ന് ഇയാൾ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാർഗവ് പുറത്തിറങ്ങി. അല്പസമയത്തിന് ശേഷം വീണ്ടും ഇയാൾ കോളജിലെത്തി ഉള്ളിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജയ് കിഷോർ അനുവദിച്ചില്ല. ഭാർഗവ് മദ്യപിച്ചിരുന്നതിനാൽ അകത്തേക്ക് കയറ്റുകയേ ഇല്ലെന്ന് വ്യക്തമാക്കി ഇയാൾ വിദ്യാർഥിയെ തിരിച്ചയച്ചു.
അൽപസമയത്തിന് ശേഷം ഭാർഗവ് വീണ്ടുമെത്തി അകത്തേക്ക് കടത്തണമെന്ന് ജയ് കിഷോറിനോട് ആവശ്യപ്പെട്ടു. എന്നാൽ ജയ് കിഷോർ സമ്മതിച്ചില്ല. വീണ്ടും പ്രവേശനം നിഷേധിച്ചതോടെ ഭാർഗവ് കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് ജയ് കിഷോറിനെ കുത്തുകയായിരുന്നു.
ജയ് കിഷോറിന്റെ നെഞ്ചിൽ നിരവധി തവണ കുത്തിയശേഷം ഭാർഗവ് ഓടി രക്ഷപെട്ടു. തുടർന്ന് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവം നടക്കുന്ന സമയം നിരവധി വിദ്യാർഥികളും പുറത്തുണ്ടായിരുന്നു. ഭാർഗവ് ജയ് കിഷോറിനെ കുത്തുന്നതും പിന്നീട് ഓടി രക്ഷപെടുന്നതുമൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
കോളജ് ഫെസ്റ്റിന്റെ സമയത്ത് വിദ്യാർഥികൾ പുറത്ത് പോകുന്നത് തടയാൻ സെക്യൂരിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയതായി കോളജ് അധികൃതർ സ്ഥിരീകരിക്കുന്നുണ്ട്. ജയ് കിഷോറിന്റെ ക്രിമിനൽ പശ്ചാത്തലവും മറ്റും പരിശോധിച്ചു വരുന്നതായാണ് ബംഗളൂരു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ സഹിൽ ബാംഗ്ല അറിയിക്കുന്നത്.