ഡൽഹിയില്‍ പൊടിക്കാറ്റ്; മരം വീണ് രണ്ട് മരണം
വിവിധ ഇടങ്ങളിലായി 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ ഉണ്ടായ പൊടിക്കാറ്റിൽ മരം വീണ് രണ്ട് മരണം. വിവിധ ഇടങ്ങളിലായി 23 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റര്‍വരെ വേഗതയിലാണ് കാറ്റ് വീശിയത്.ശക്തമായ കാറ്റിൽ മരം വീണ് രണ്ടുപേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ഇടങ്ങളിൽ വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. ശക്തമായ മഴയും ഇടിമിന്നലിനും പിന്നാലെയാണ് പൊടിക്കാറ്റ് വീശിയത്. കൊണാക്ട് പ്ലേസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു.
മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് 9 വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. വരുംദിവസങ്ങളിലും കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഐ.എം.ഡി നിര്‍ദേശം നല്‍കി. ഡൽഹിക്ക് പുറമെ അതിർത്തി പ്രദേശങ്ങളായ ഗാസിയാബാദ്, ഇന്ദിരാപുരം, , നോയിഡ,ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും അതിശക്തമായി കാറ്റ് വീശി. ഡൽഹിയിൽ 39 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില.