എ.എ റഹീമിന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷ ചുമതല
ഡൽഹിയിൽ ചേർന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം
എ.എ റഹീമിന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്റെ ചുമതല നൽകി. ഡൽഹിയിൽ ചേർന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതോടെയാണ് റഹീമിന് ദേശീയ അധ്യക്ഷന്റെ ചുമതല നൽകിയത്. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷനാണ് എ.എ റഹീം.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾ മൂലമാണ് റിയാസ് പദവിയൊഴിയുന്നത്. ദേശീയ തലത്തിലേക്ക് കേരളത്തിൽ നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് പുതിയ തീരുമാനം.