'ആ ഫോൺകോളുകളുടെ വിവരങ്ങൾ പങ്കുവയ്ക്കൂ...'; ജയറാം രമേശിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ
വോട്ടെണ്ണലിന് മുമ്പ് അമിത് ഷാ 150ഓളം ജില്ലാ കലക്ടർമാരെ വിളിപ്പിച്ചുവെന്ന പരാമർശത്തിലാണ് നടപടി
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിനോട് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെണ്ണലിന് മുമ്പ് അമിത് ഷാ 150ഓളം ജില്ലാ കലക്ടർമാരെ വിളിപ്പിച്ചുവെന്ന പരാമർശത്തിലാണ് നടപടി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ രേഖകൾ ഹാജരാക്കാനാണ് നിർദേശം.
ശനിയാഴ്ചയാണ് അമിത് ഷായ്‌ക്കെതിരെ ജയറാം രമേശ് ഗുരുതര ആരോപണമുന്നയിക്കുന്നത്. വോട്ടെണ്ണൽ അടുത്തിരിക്കുന്ന സാഹചര്യത്തിൽ അമിത് ജില്ലാ കലക്ടർമാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നായിരുന്നു ആരോപണം. ബിജെപി എത്രമാത്രം നിരാശരാണെന്നതിന് അമിത് ഷായുടെ, വിവിധ ജില്ലാ വരണാധികളെ വിളിപ്പിച്ചുള്ള 150ഓളം ഫോൺകോളുകൾ മതിയാകുമെന്നും ഇത് തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന നഗ്നമായ ഇടപെടലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ പരാമർശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടിരിക്കുന്നത്. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടക്കുന്ന സുതാര്യമായ പ്രക്രിയയാണ് വോട്ടെണ്ണൽ എന്നും അതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നത് അനുവദനീയമല്ലെന്നും കമ്മിഷൻ ജയറാം രമേശിനയച്ച നോട്ടീസിൽ പറഞ്ഞു.
"ഒരു ദേശീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവ് പൊതുവിടത്തിൽ ഇത്തരം ഗുരുതരമായ ആരോപണങ്ങളുന്നയിക്കുമ്പോൾ അതിന് വ്യക്തമായ അടിത്തറയുണ്ടാകണം. വോട്ടെണ്ണലിന് തൊട്ടുമുമ്പ് താങ്കൾ നടത്തിയ പരാമർശങ്ങളിൽ വ്യക്തത വരുത്താൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അതിനാൽ തന്നെ കേന്ദ്ര ആഭ്യന്തര അമിത് ഷാ നടത്തി എന്ന് പറയുന്ന ആ 150 ഫോൺകോളുകളുടെ വിവരങ്ങൾ ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇന്ന് വൈകുന്നേരം 7 മണിക്കുള്ളിൽ കോളുകളുടെ പൂർണവിവരം ഹാജരാക്കണം. താങ്കളുടെ ആരോപണങ്ങൾ ശരിയാണെങ്കിൽ കൂടുതൽ നടപടികളെടുക്കുന്നതിന് അത് ഉപകരിക്കും". കമ്മിഷൻ നോട്ടീസിൽ പറയുന്നു.
അതേസമയം തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ ഉജ്വല വിജയം ഉണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. രാജസ്ഥാനിലും കർണാടകയിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും വിജയം സുനിശ്ചിതമായിരിക്കുമെന്ന് പറഞ്ഞ ജയറാം രമേശ് 2004 ആവർത്തിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച പറഞ്ഞിരുന്നു.